അമേരിക്ക! ഒരു ശരാശരി മധ്യവര്‍ഗ ഇന്ത്യാക്കാരന്റെ സ്വപ്നലോകം. അവിടേയ്ക്കുള്ള എന്റെ ആദ്യത്തെ യാത്ര ആയിരുന്നു ഇത്. കേരളത്തിലെ മാധ്യമങ്ങള്‍ വായിച്ചും കേട്ടും കണ്ടും വളര്‍ന്ന ഒരു സാധാരണ മലയാളി എന്ന നിലയില്‍ എനിക്ക് ആ രാജ്യത്തെക്കുറിച്ച് അത്ര വലിയ മതിപ്പും മറ്റും ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ, വസ്തുതാപരമായി കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മെക്കാള്‍ മിക്ക കാര്യങ്ങളിലും മുന്നിലാണ് ആ രാജ്യം എന്ന് പറയേണ്ടതില്ലെല്ലോ. മനുഷ്യരുടെ പെരുമാറ്റത്തിലെ സൌമ്യത, വൃത്തി, അടുക്കും ചിട്ടയും,
എന്ന് വേണ്ട നൂറു കാര്യങ്ങള്‍ എടുത്താല്‍ തൊണ്ണൂറ്റി ഒന്‍പതിലും അവര്‍ തന്നെയാണ് നമ്മെക്കാള്‍ മുന്നില്‍. എന്നാല്‍ ഇവിടെ എഴുതുന്നത് ബാക്കി ഒരു ശതമാനമോ അതില്‍ താഴെയോ ഉള്ള ചില കാര്യങ്ങളെക്കുറിച്ചാണ്. നമ്മള്‍ അവരെക്കാള്‍ മെച്ചമാണ് എന്ന് തോന്നിച്ച ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ സമൂഹത്തിലെ ചില മാറ്റങ്ങള്‍ ത്വരിതഗതിയില്‍ ഈ കാര്യങ്ങളില്‍ പോലും നമ്മെ പിന്നോട്ട് നയിക്കുന്നുണ്ടോ എന്ന ആശങ്ക എന്നെ അലട്ടുന്നു. അങ്ങനെയിരിക്കെ തന്നെ രണ്ടു വിഷയങ്ങളിലേക്ക് ഒന്ന് പെട്ടെന്ന് കണ്ണോടിച്ചു കൊള്ളട്ടെ.
൧. പൊതുജീവിതത്തിലെ "ദൈവം"
ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു - എല്ലാ ഡോളര്‍
നോട്ടിലൂടെയും ഞങ്ങള്‍ അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ദൈവവിശ്വാസം എന്നത് (മറ്റേതു വിശ്വാസത്തെയും പോലെ) ഒരു വ്യക്തി സ്വാതന്ത്ര്യം ആണ്. അത് ഹനിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതു തന്നെയാണ്. പക്ഷെ, ഒരു രാജ്യത്തിന്‍റെ "മോട്ടോ" എന്നത് "ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു" (In God We Trust) എന്നാകുമ്പോള്‍ എങ്ങനെയാണ് അതിനെ വീക്ഷിക്കേണ്ടത്.കാര്യം എളുപ്പം പറയാന്‍ ഒരു ഉപമ ഉചിതം ആയിരിക്കും എന്ന് കരുതുന്നു - ഇന്ത്യയിലെ ചില പോലീസ് സ്റ്റേഷനുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ സ്ഥാനം പിടിക്കുന്ന ഒരു പ്രവണത കണ്ടു വരുന്നതായി ഒരു സുഹൃത്ത് അടുത്തിടെ പറയുകയുണ്ടായി. ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തില്‍പ്പെട്ടു പോലീസ് സ്റ്റേഷനില്‍ അഭയം തേടുന്ന ഒരാള്‍ക്ക് ഒരു സുരക്ഷിതത്വബോധം നല്‍കുന്നതില്‍ ഈ ഹൈന്ദവ ദൈവ ചിത്രങ്ങള്‍ വിലങ്ങു തടിയാകുമോ? ആകും എന്നാണു ഞാന്‍ കരുതുന്നത്.
അതുപോലെ അത്യപൂര്‍വം മാത്രം സംഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം ആണോ ഈ പ്രശ്നം? ഒരു രാജ്യം "ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു" എന്ന് പറയുമ്പോള്‍ ആ രാജ്യത്തു ഒരു ("മനുഷ്യന് ദൈവം ആവശ്യം ഇല്ല" എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ച) സഹോദരന്‍ അയ്യപ്പന്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടോ? ചെറുപ്പം മുതല്‍ ഈ മോട്ടോ കേട്ട് വളര്‍ന്ന ഒരു സമൂഹത്തില്‍ സഹോദരിനിസം ഉണ്ടാവാനുള്ള സാധ്യത കുറവാണ് - അങ്ങനെ ഒരാള്‍ ഉണ്ടായി എന്ന് കരുതുക - പ്രത്യക്ഷത്തില്‍ അയാള്‍ രാജ്യത്തിന്‍റെ മോട്ടോ എതിര്‍ക്കുന്നു എന്ന് വരികില്‍ അയാളെ എങ്ങനെയാവും സമൂഹം കാണുക? മോട്ടോയ്ക്ക് വിരുദ്ധം ആയി കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആള്‍ ഒരു റിസ്ക് ആവും എടുക്കുക എന്ന് എനിക്ക് തോന്നുന്നു.
സഹോദരന്‍ അയ്യപ്പന്‍ - ഇരുപതാം നൂറ്റാണ്ടിന്റെ
തുടക്കത്തില്‍ കേരളത്തിലെ സജീവ യുക്തിവാദ സാന്നിധ്യം
അങ്ങനെ ചില ചിന്താഗതികള്‍ (അവ നല്ലതോ ചീത്തയോ എന്തും ആകട്ടെ - ജനങ്ങള്‍ തമ്മില്‍ വെറുപ്പ് ഉളവാക്കുകയും രാജ്യസുരക്ഷ അപകടപ്പെടുത്തുകയും ഒന്നും ചെയ്യുനനവ അല്ലെങ്കില്‍) വളരാന്‍ അനുവദിക്കാതിരിക്കുന്നത് ഒരു തരം അസഹിഷ്ണുത തന്നെയാണ്. ഒരു സുഹൃത്തുമായി ഇത് ചര്‍ച്ച ചെയ്തപ്പോള്‍ കേള്‍ക്കാനിടയായ മറുവാദം ചേര്‍ക്കട്ടെ - "നിരീശ്വരവാദം അസ്ഥിക്ക് പിടിച്ച ഒരാള്‍ ഈ വക മോട്ടോ കേട്ടത് കൊണ്ട് മാറുകയില്ലെല്ലോ". അതെ, അതില്‍ തര്‍ക്കമില്ല. കരുണാകരനോട് ഗുരുവായൂരപ്പന്‍ എന്ന് ഒരാളില്ല എന്ന് പറഞ്ഞത് കൊണ്ട് ഒരു വ്യത്യാസവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന പോലെ. ഒരു ഇസ്ലാമിക (അല്ലെങ്കില്‍ മറ്റേതെങ്കിലും മത-) രാഷ്ട്രം ഇസ്ലാമികം എന്ന് പറയുന്നതിലൂടെ അനിസ്ലാമിക മതങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദതന്ത്രത്തിന്റെ ഒരു ചെറിയ പതിപ്പ് തന്നെയാണ് ഈ മോട്ടോ. ഈശ്വരവിശ്വാസത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന ചിന്താഗതികളെ അത് നിരുല്സാഹപ്പെടുത്തുക തന്നെയാണ് ചെയ്യുന്നത്.
ഈ പ്രവണത വെറും മോട്ടോയില്‍ മാത്രം ഒതുങ്ങുന്നില്ല അമേരിക്കയില്‍ - രാജ്യത്തിന്‍റെ പരമാധ്യക്ഷനായ പ്രസിഡന്റ് തന്റെ ഓരോ പ്രസംഗം അവസാനിക്കുമ്പോഴും "ഗോഡ് ബ്ലെസ് അമേരിക്ക" എന്ന് പറയുമ്പോള്‍ നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. വിശ്വാസം ഒരു വ്യക്തിപരമായ കാര്യം ആണ് എന്ന (പുരോഗമനപരം എന്ന് ഞാന്‍ വിശ്വസിക്കുന്ന) ആശയത്തിനു തിരച്ചും വിരുദ്ധം ആണ് ഈ തരം കാര്യങ്ങള്‍. നമ്മുടെ രാജ്യത്തു സര്‍ക്കാരുകള്‍ ഒരു വിശ്വാസപ്രഖ്യാപനം നടത്താന്‍ ഒരു കാരണവശാലും മുതിരുകയില്ലെന്കിലും സുകുമാരന്‍ നായരെപ്പോലെയുള്ള (എന്‍ എസ് എസ്) പിന്തിരിപ്പന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന രാഷ്ട്രീയ കടന്നുകയറ്റം ആശങ്കാജനകം ആണ് എന്ന് പറയേണ്ടതില്ലെല്ലോ.
൨. മാധ്യമങ്ങളില്‍ നിറയുന്ന അമിത ദേശീയതാവാദം
ഞാന്‍ അമേരിക്കയില്‍ ആയിരുന്ന സമയത്താണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. ഈ "സുപ്രധാന" സംഭവം എങ്ങനെ മാധ്യമങ്ങള്‍ കവര്‍ ചെയ്യുന്നു എന്ന് മനസ്സിലാക്കാനുള്ള അവസരം അങ്ങനെ ഉണ്ടായി. അമേരിക്കന്‍ മാധ്യമങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അത് ആഘോഷിക്കുക തന്നെയായിരുന്നു. ഒരാളുടെ വധം ആഘോഷിക്കുന്നത് മനുഷ്യത്വരഹിതം ആയ ഒരു പ്രവൃത്തി ആണെന്ന് ഞാന്‍ കരുതുന്നു - അതിനെക്കുറിച്ച് ഡേവിഡ് സ്വാന്‍സണ്‍ ഭംഗിയായി എഴുതിയിട്ടുണ്ട്. വധത്തില്‍ കലാശിച്ച ആ ഓപ്പെറേഷന്റെ രീതികള്‍ ഒട്ടും വിമര്ശിക്കപ്പെടാതെ പോയതാണ് ആശ്ചര്യകരമായ മറ്റൊരു വസ്തുത. ഭരണകൂടത്തിന്റെ പ്രതിനിധികളോട് മാധ്യമങ്ങള്‍ ചോദിക്കെണ്ടിയിരുന്ന (എന്ന് ഞാന്‍ കരുതുന്ന), പക്ഷെ, ചോദിക്കാതെ പോയ ചില ചോദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
൧. "ഇതൊരു പിടികൂടല്‍ ഓപ്പെറേഷന്‍ ആയിരുന്നില്ല, വധം തന്നെയായിരുന്നു ലക്‌ഷ്യം" എന്ന് നിങ്ങള്‍ പറയുന്നു. ഈ പ്രഖ്യാപനം സമകാലിക ലോകത്തിന്റെ മനുഷ്യാവകാശ സങ്കല്‍പ്പങ്ങളും ആയി ഒത്തു പോകുന്നുണ്ടോ? സമകാലിക നീതി നടപ്പാക്കല്‍ സംവിധാനം വിചാരണ എന്ന പ്രക്രിയയെ ആശ്രയിക്കുന്നു എന്നത് അംഗീകരിക്കുന്നുന്ടെന്കില്‍ പ്രത്യേകിച്ചും. (പിടികൂടാന്‍ ശ്രമിച്ചിട്ട് സാധിക്കാതിരിക്കുന്നതും അങ്ങനെ കൊല്ലേണ്ടിവരുന്നതും പിടികൂടാന്‍ ശ്രമിക്കാതെ കൊല്ലുന്നതും തമ്മിലുള്ള അന്തരം വ്യക്തമാണല്ലോ - ഇവിടെ സംഭവിച്ചത് രണ്ടാമത്തെ കാര്യമാണ്).
൨. ലാദന്‍ പിടികൂടപ്പെട്ടിരുന്നെന്കില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ് അമേരിക്ക തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് ലോകത്തിനു മുന്നില്‍ തെളിയും എന്ന് ഭയപ്പെട്ടിരുന്നോ?
൩. ഇസ്ലാമിക നിയമം അനുസരിച്ച് ഇരുപത്തി നാല് മണിക്കൂറുകള്‍ക്കുള്ളില്‍ അടക്കണം എന്നതിനാല്‍ നിങ്ങള്‍ ഉടനെ തന്നെ അടക്കി എന്ന് പറയുന്നു. പക്ഷെ, അടക്കല്‍ ഇസ്ലാമിക രീതിയില്‍ ആയിരുന്നില്ല താനും. തങ്ങള്‍ക്കു ഇഷ്ടമുള്ളത് ചെയ്തിട്ട് അതിനു ഇസ്ലാമിക രീതി എന്ന മുടന്തന്‍ ന്യായം കണ്ടെത്തുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്.
....
....
ഒന്നുകൂടെ വ്യക്തമാക്കിയാല്‍ വിചാരണ ഇല്ലാതെ കൊല്ലണം എന്ന രീതിയില്‍ ഒരു കുറ്റവാളിയെ കാണുക എന്നത് തികഞ്ഞ മനുഷ്യാവകാശ ധ്വംസനം ആയി തന്നെ കാണണം എന്ന് ഞാന്‍ കരുതുന്നു. അങ്ങനെ കാണാന്‍ അമേരിക്കന്‍ മാധ്യമങ്ങളെ അനുവദിക്കാതിരിക്കുന്നത് അമിത ദേശീയത അല്ലാതെ വേറെ എന്തെങ്കിലും ആണെന്ന് തോന്നുന്നില്ല. ഒരു ഇന്ത്യന്‍ സര്‍ക്കാരോ ശ്രി ലങ്കന്‍ സര്‍ക്കാരോ "ഞാന്‍ പിടികൂടാന്‍ ശ്രമിചില്ല, കൊല്ലാന്‍ തന്നെയായിരുന്നു പദ്ധതി" എന്ന് വീരപ്പനെക്കുറിച്ചോ പ്രഭാകരനെക്കുറിച്ചോ പറയുമോ എന്നത് സംശയം ആണ് - അങ്ങനെ പറഞ്ഞാല്‍ മാധ്യമങ്ങള്‍ മനുഷ്യവകാശത്തില്‍ ഊന്നിയുള്ള മേല്‍പ്പറഞ്ഞവ പോലെയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു.
No comments:
Post a Comment