Monday, July 26, 2010

നികുതി പിരിവിന്റെ തലവും സാമൂഹികനീതിയും

ഏകീകൃത ചരക്കു സേവന നികുതി (ജി എസ് ടി) വേണോ എന്നതില്‍നിന്നു എപ്പോള്‍ വേണം എന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. നമ്മുടെ ധന മന്ത്രി ഐസക്‌, പതിവില്ലാത്ത വിധം, ഒരു കേന്ദ്ര ശ്രമത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ഈ സംരംഭത്തിലൂടെ പ്രധാനമായി വരുന്ന മാറ്റം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള നികുതി പങ്കുവെക്കലില്‍ ആണ്. ഒരു സാധാരണക്കാരന് മനസ്സിലാക്കാനാകും വിധം നികുതി പങ്കുവെക്കലുമായി ബന്ധപ്പെട്ട ചില സാമൂഹികനീതിയുടെ വശങ്ങളിലൂടെ കണ്ണോടിക്കുകയാണിവിടെ.

ഇപ്പോഴത്തെ നികുതി പങ്കുവെക്കല്‍ എങ്ങനെ?

ഇപ്പോള്‍ പല നികുതികള്‍ ഉള്ളതില്‍ ചിലത് കേന്ദ്രത്തിലേക്ക് പോകുന്നു; മറ്റു ചിലത് സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നു. മൂന്നാമതൊരു തരം നികുതി പിരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആണ് (ഉദാ: പഞ്ചായത്തുകള്‍). നികുതികളുടെ ചില ഉദാഹരണങ്ങള്‍ ഇവിടെ ഉചിതമായിരിക്കും എന്ന് കരുതുന്നു.

കേന്ദ്ര സര്‍ക്കാര്‍: ആദായ നികുതി (ഇന്‍കം ടാക്സ്‌), സേവന നികുതി, അന്തര്‍ സംസ്ഥാന വില്‍പ്പന നികുതി മുതലായവ.

സംസ്ഥാന സര്‍ക്കാരുകള്‍: വില്‍പ്പന നികുതി, മദ്യത്തിന്മേല്‍ ചുമത്തുന്ന നികുതി മുതലായവ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍: കെട്ടിട നികുതി, തൊഴില്‍ നികുതി, മുതലായവ.

ആദ്യത്തെ ചോദ്യം, എന്തിനാണ് ഇങ്ങനെ ഒരു നികുതി പങ്കുവെക്കല്‍ ഫോര്‍മുല ഉണ്ടാക്കിയെതെന്നാണ്. ഉദാഹരണത്തിന്, വില്‍പ്പന നികുതി എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് പോയിക്കൂടാ?, സേവന നികുതി കേന്ദ്രത്തിന് പോകണം എന്നതിന് പിന്നിലെ ഉദ്ദേശ്യം എന്ത്? എന്നിങ്ങനെ ചോദ്യങ്ങള്‍ ഉണ്ടായേക്കാം. ആരുടെയോ ഇഷ്ടാനിഷ്ടങ്ങള്‍ ആയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. മറ്റെന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ അതറിയുവാന്‍ ഞാന്‍ തീര്‍ച്ചയായും തത്പരനാണ്.

വികേന്ദ്രീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ഈ കാലഘട്ടത്തില്‍ എല്ലാ നികുതികളും പഞ്ചായത്തുകള്‍ക്ക് നല്കിക്കൂടെ?

നികുതി പിരിവിലൂടെയാണ് പൊതു സൌകര്യങ്ങള്‍ പണിയാനും നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സര്‍ക്കാരുകള്‍ പണം കണ്ടെത്തുന്നത്. പഞ്ചായത്തുകള്‍ക്ക് ഒരു ചെറിയ മേഖലയുടെ അധികാരം മാത്രമാണുള്ളത്. അതുകൊണ്ട് വിശാലമായ പോതുസൌകര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടാവാന്‍ വഴിയില്ല. അതുകൊണ്ട് ഒരു ദേശീയ പാത വരണം എങ്കില്‍ ഇങ്ങനെ പൂര്‍ണമായി വികേന്ദ്രീകൃത നികുതി സംവിധാനത്തിലൂടെ അത് സാധ്യമാകാനുള്ള സാധ്യത കുറവാണ്. ഈ പ്രശ്നം മനസ്സിലാക്കാന്‍ എളുപ്പമാണ്.

അതിനേക്കാള്‍ ഉപരി, സ്ഥിതിസമത്വ ചിന്തയിലും സാമൂഹിക നീതിയിലും ഊന്നിയുള്ള ഒരു പ്രശ്നത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. നമുക്ക് ഒരു പ്രത്യേക പഞ്ചായത്തിന്റെ ഉദാഹരണം എടുക്കാം. മരട് ഏറണാകുളം ജില്ലയിലെ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഒരു പഞ്ചായത്താണ്. അവിടെ ശോഭയുടെ ഹൈ ടെക് സിറ്റി വരുന്നു എന്ന് കരുതുക. ആ പദ്ധതി എല്ലാവര്ക്കും അറിയുന്ന പോലെ പതിനായിരക്കണക്കിനു തൊഴിലുകള്‍ സൃഷ്ടിച്ചേക്കാം. അനവധി കെട്ടിടങ്ങള്‍ ആ പദ്ധതിയുടെ ഭാഗമായി ഉയരും. അങ്ങനെ മരടിന്റെ സാമ്പത്തിക നില മെച്ചപ്പെടും. പഞ്ചായത്തിനു കൂടുതല്‍ പണം ലഭിക്കും. പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനം കൂടുതലായി നടക്കും. വികസന പ്രവര്‍ത്തനം മൂലം കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും; അയാള്‍ പഞ്ചായത്തുകളില്‍ നിന്ന് ആളുകള്‍ തൊഴില്‍ തേടി മരടിലെത്തും. അത് വീണ്ടും പഞ്ചായത്തിന്റെ വരുമാനം കൂട്ടും. അയല്‍ പഞ്ചായത്തുകളുടെ വരുമാനം തന്മൂലം കുറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. ഇത് സ്ഥിതിസമത്വ വാദത്തിനു തികച്ചും എതിരാണ് എന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടില്ല. മൈക്രോ ലെവല്‍ നികുതി പിരിവു സാമൂഹിക നീതിക്ക് എതിരാണ് എന്നതാണ് പറഞ്ഞു വരുന്നത്. ചില സ്ഥലങ്ങളെ പുഷ്ടിപ്പെടുതുമെന്കിലും മറ്റു സ്ഥലങ്ങളിലെ പൊതുസൌകര്യങ്ങള്‍ കാലക്രമേണ നാമാവശേഷം ആവാനും (അതുമൂലം, ആ സ്ഥലങ്ങള്‍ വാസയോഗ്യം അല്ലാതെയാകാനും) മതി.

മൈക്രോ തലത്തിലെ നികുതി പിരിവിനും വിനിയോഗത്തിനും തീര്‍ച്ചയായും നല്ല വശങ്ങളും ഉണ്ട്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ തലത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുമ്പോള്‍ ആ തീരുമാനങ്ങള്‍ പ്രദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും എന്നത് സ്വാഭാവികം. കൂടാതെ നമ്മുടേത് പോലെ അഴിമതി വ്യാപകമായ സമൂഹത്തില്‍ നികുതി അധികം തലങ്ങളിലൂടെ മുകളിലേക്ക് പോവാത്തതിനാല്‍ അഴിമതി, കാര്യക്ഷമതയുടെ കുറവ് എന്നിവ മൂലമുള്ള നഷ്ടം കുറവായിരിക്കും (കൈക്കൂലി സമ്പ്രദായം ഉണ്ടെങ്കില്‍ തന്നെ വാര്‍ഡ്‌ മേമ്ബെര്‍ക്കും പ്രസിഡന്റിനും മാത്രം കൊടുത്താല്‍ മതിയെല്ലോ).

നികുതി പിരിവു കേന്ദ്ര തലത്തില്‍ മാത്രം ആയാലോ?

അങ്ങനെയുള്ള ഒരു സംവിധാനത്തില്‍ അഴിമതി മൂലമുള്ള പ്രശ്നങ്ങള്‍ വളരെ വ്യക്തമാണല്ലോ; ഒരു കാര്യം സാധിച്ചു കിട്ടനമെന്കില്‍ അങ്ങ് മുകളില്‍ മുതല്‍ ഇങ്ങു വാര്‍ഡ്‌ മെമ്പര്‍ വരെ കൈക്കൂലി നല്‍കേണ്ടി വന്നേക്കാം.

പക്ഷെ, ഇവിടെയും ഒളിഞ്ഞു കിടക്കുന്ന മറ്റൊരു പ്രശ്നം ഉണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ കാര്യം തന്നെയെടുക്കാം. നമ്മള്‍ വിദ്യാഭ്യാസ മേഖലയില്‍ വളരെയധികം മുന്നേറി കഴിഞ്ഞു. പക്ഷേ, ഇതര സംസ്ഥാനങ്ങളില്‍ പലതിലും അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സംവിധാനം പോലുമില്ല. കേന്ദ്രത്തിന്റെ ഉദ്ദേശ്യം രാജ്യത്തു മുഴുവനും പ്രാഥമിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ നടപ്പിലാക്കുക എന്നതായിരിക്കാം. അങ്ങനെ വരുമ്പോള്‍ വിദ്യാഭ്യാസ മേഘലയില്‍ ഉന്നത നിലവാരം കൈവരിച്ച കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ ഗ്രാന്റുകള്‍ കരസ്തമാക്കുന്നതില്‍ പരാജയപ്പെട്ടെക്കാം. "നിങ്ങള്ക്ക് ഇതിന്റെ ആവശ്യമെന്താ? ദാ, വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാഥമിക സൌകര്യങ്ങള്‍ പോലുമില്ല. അപ്പോഴാണ്‌ നിങ്ങള്‍ ഉന്നത സൌകര്യത്തിനു വേണ്ടി ഗ്രാന്റ് ആവശ്യപ്പെടുന്നത്?" എന്ന ചോദ്യം നമ്മുടെ നേതാക്കന്മാര്‍ വളരെയധികം കേള്‍ക്കുന്നുണ്ടാവണം. അങ്ങനെ മുന്‍കാലത്തെ പരിശ്രമം മൂലം ഉന്നത നിലവാരം കൈവരിച്ചതിനു ചിലര്‍ "ശിക്ഷ" അനുഭവിക്കേണ്ടി വന്നേക്കാം. നമ്മള്‍ കൂടി കൊടുക്കുന്ന നികുതിയുടെ ഒരു പങ്കു നമ്മുടെ പഴയ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി നമുക്ക് തന്നെ നിഷേധിക്കുന്നു. ഇത് അത്ര സുഖകരമല്ല എന്ന് പറയേണ്ടതില്ലെല്ലോ. ഓരോ ധനകാര്യ കമ്മീഷന്‍ വരുമ്പോഴും നമ്മുടെ പത്രങ്ങളില്‍ നിറയുന്നത് ഈ തരം വാദങ്ങളാണ്.

കേന്ദ്ര തലത്തില്‍ നികുതി പിരിക്കുന്നതിലൂടെ നേരത്തെ കണ്ട സമ്പത്ത് ചില ഗ്രാമങ്ങളില്‍ മാത്രം കുമിഞ്ഞു കൂടുന്ന പ്രതിഭാസം ഒഴിവാക്കാന്‍ സാധിക്കും എന്നത് നല്ലത് തന്നെ.

നികുതി പിരിവു മുഴുവനായി കേന്ദ്രത്തില്‍ നിന്നാവുന്നതും പഞ്ചായത്തില്‍ നിന്നാവുന്നതും ആയ രണ്ടു സംവിധാനങ്ങള്‍ക്കും അവയുടേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നു ചുരുക്കം. അതുകൊണ്ടാണ് നികുതിവരുമാനം കേന്ദ്രവും സംസ്ഥാനവും ഒരു നിശ്ചിത അളവില്‍ പങ്കുവെക്കുന്നത്. ആ നിശ്ചിത തോത് ശരിയാണോ എന്നതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ, രണ്ടു എക്സ്ട്രീമുകളും പ്രാവര്‍ത്തികമല്ല എന്നത് വ്യക്തമാണ്.

ചരക്കു സേവന നികുതി കൊണ്ട് കേരളത്തിനെന്തു പ്രയോജനം?

കേരളത്തില്‍ കൂടുതലായി വളര്‍ന്നു കൊണ്ടിരിക്കുന്നത് സേവന മേഖല ആണ്; ഇതില്‍ ടൂറിസം, ഐ ടി എന്നിവ ഉള്‍പ്പെടും. പക്ഷെ, സേവന നികുതി ഒരു കേന്ദ്ര നികുതി ആകയാല്‍, കേരള സര്‍ക്കാരിന് ഈ സേവന മേഖലകളുടെ വളര്‍ച്ചയില്‍നിന്ന് കൂടുതല്‍ വരുമാന നികുതി ലഭിക്കുന്നില്ല. ചരക്കു സേവന നികുതിയുടെ പരിധിയില്‍ സേവന നികുതി വരികയും, ചരക്കു സേവന നികുതി കേന്ദ്രവും സംസ്ഥാനവും പങ്കുവെയ്ക്കുകയും ചെയ്യുകയാണെങ്കില്‍ കേരളത്തിന്‌ സ്വാഭാവികമായും സേവന മേഖലയുടെ ഈ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍നിന്ന് കൂടുതല്‍ ഗുണം ലഭിക്കും (നികുതി വരുമാനം ആയി). നേരത്തെയുള്ള നികുതി സംവിധാനം സേവന മേഖലയില്‍ തിളങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് എതിരായിരുന്നു; ഇതാണ് ഇപ്പോള്‍ ഈ ഏകീകൃത ചരക്കു സേവന നികുതിയിലൂടെ പരിഹരിക്കപ്പെടുന്നത്.

Sunday, July 25, 2010

യു ഐ ഡി നമുക്ക് ഇപ്പോള്‍ ആവശ്യമില്ലാത്തതെന്തുകൊണ്ട്

ഇത് യു ഐ ഡി ചര്‍ച്ചകളുടെ കാലമാണ്. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ എങ്ങനെ അതിലെ വലിയ പങ്കുകള്‍ക്കുള്ള ലേലത്തില്‍ വിജയിക്കാം എന്ന് ചിന്തിക്കുന്നു. ചില മാസികകള്‍ യു ഐ ഡി എങ്ങനെ ഒരു ശരാശരി ഇന്ത്യന്‍ പൌരന്റെ ജീവിതത്തെ മാറ്റിമറിക്കും എന്ന് പരിശോധിക്കുന്നു (സ്വപ്‌നങ്ങള്‍ കാണുന്നു). ഇവയിലൊന്നും പെടാത്ത മറ്റു ചിലര്‍ എന്തുകൊണ്ട് യു ഐ ഡി ആവശ്യമില്ല എന്ന് പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇവരെ വികസനവിരോധികള്‍ അറുപിന്തിരിപ്പന്മാര്‍ എന്നൊക്കെ പലരും ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്നുണ്ട്. ബൂലോകത്തില്‍ എന്തുകൊണ്ടോ ഈ വിഷയം അധികം ചര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ട് യു ഐ ഡി വേണം എന്ന നിലക്കുള്ള വാദങ്ങള്‍ അനവധിയാണ്. യു ഐ ഡി കൊണ്ടുള്ള ഉപയോഗം വളരെ എളുപ്പത്തില്‍ നമുക്ക് മനസ്സിലാക്കുകയും ചെയ്യാം - പല വികസിത രാജ്യങ്ങളിലും ഉള്ള ഒരു സംവിധാനം ആണെല്ലോ ഇത്. വികസിത ഇന്ത്യ എന്ന സ്വപ്നം എല്ലാ ഇന്ത്യക്കാരന്റെയും (യു ഐ ഡി യെ എതിര്‍ക്കുന്നവരും അല്ലാത്തവരും ഉള്പ്പടെയുള്ളവരില്‍) മനസ്സില്‍ ഉണ്ട് എന്നാണു എന്റെ നിഗമനം. ലേബലിംഗ് (പിന്തിരിപ്പന്മാര്‍, വികസനവിരോധികള്‍ എന്നിങ്ങനെയുള്ള) ഇല്ലാതെ നമ്മള്‍ യു ഐ ഡിയെ എതിര്‍ക്കുന്നവരുടെ വാദം കേള്‍ക്കാന്‍ തയ്യാറാവണം. ഒരു കടുത്ത യു ഐ ഡി ആരാധകനായിരുന്ന ഞാന്‍ ഈ സംരംഭത്തിനോട് അധികം ആഭിമുഖ്യം പുലര്‍ത്താത്ത ഒരാളായി മാറിയത് അങ്ങനെയുള്ള ഒരു വിലയിരുത്തലിന്റെയും ചര്‍ച്ചയുടെയും ഫലമായിട്ടാണ്. യു ഐ ഡി വേണം എന്ന പക്ഷക്കാരുടെ സാധാരണ ചോദ്യങ്ങള്‍ക്കുള്ള മികച്ച യു ഐ ഡി വിരുദ്ധ ഉത്തരങ്ങള്‍ (ചോദ്യങ്ങള്‍ സഹിതം) നിരത്താന്‍ ഒരു എളിയ ശ്രമം നടത്തുകയാണ് ഇവിടെ.

ചോദ്യം: യു ഐ ഡി കൊണ്ട് ഗുണങ്ങള്‍ ഇല്ല എന്നാണോ നിങ്ങള്‍ പറയുന്നത്? അനവധി വിദേശ രാജ്യങ്ങള്‍ മണ്ടത്തരം കാണിച്ചു എന്നാണോ?

ഉത്തരം: ഒരിക്കലും അല്ല. യു ഐ ഡി എന്നത് കൊണ്ട് അനവധി ഗുണങ്ങള്‍ ഉണ്ട് എന്നുള്ളത് പൂര്‍ണമായും അംഗീകരിക്കുന്നു. പക്ഷേ, മുന്‍ഗണന ക്രമത്തില്‍ ആണ് പ്രശ്നം. മുപ്പതു ശതമാനം ആളുകള്‍ വിശന്നു ഉറങ്ങാന്‍ കിടക്കുന്ന ഈ രാജ്യത്തില്‍ ഇതിലും എത്രെയോ അധികം വലിയ പ്രശ്നങ്ങളില്ലേ? ഒരു സര്‍ക്കാരിനും ഏറ്റവും കൂടുതല്‍ മുന്‍ഗണന ഉള്ള കാര്യം മാത്രം ചെയ്തു മുന്നോട്ടു പോകാനാവില്ല എന്നും അംഗീകരിക്കുന്നു. പക്ഷേ, ഈ യു ഐ ഡി ഒരു പക്ഷെ, മുന്‍ഗണന ക്രമത്തില്‍ ആദ്യത്തെ ആയിരം കാര്യങ്ങളില്‍ പോലും വരുന്നില്ല എന്നതാണ് പ്രശ്നം. യു ഐ ഡി ക്ക് ചിലവാക്കാനുള്ള ഭീമമായ തുക കൊണ്ട് ഇതിലും പ്രാധാന്യമുള്ള പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാം. (ഒരു മികച്ച ഉദാഹരണം യു ഐ ഡി യുടെ പത്തിലൊന്നോ മാത്രം ചെലവ് വന്ന തൊഴിലുറപ്പ് പദ്ധതി തന്നെയാണ്).

ചോദ്യം: യു ഐ ഡി കൊണ്ട് ദരിദ്രനും ഗുണമില്ലേ? പൊതുവിതരണ സമ്പ്രദായത്തില്‍ കാതലായ മാറ്റം സൃഷ്ടിക്കാന്‍ യു ഐ ഡി കൊണ്ട് സാധിക്കില്ലേ?

ഉത്തരം: പൊതു വിതരണ സമ്പ്രദായം മാത്രം കണക്കിലെടുത്താല്‍ റേഷന്‍ കാര്‍ഡ്‌‌ ഒരു യു ഐ ഡി തന്നെയാണ്. പൊതു വിതരണ സമ്പ്രദായം മാത്രം കണക്കിലെടുത്താല്‍ റേഷന്‍ കാര്‍ഡ്‌ കൊണ്ട് പരിഹരിക്കാന്‍ സാധിക്കാത്ത എന്ത് കാര്യമാണ് യു ഐ ഡി കൊണ്ട് പരിഹരിക്കാന്‍ സാധിക്കുക? യു ഐ ഡി ബയോ മെട്രിക് സംവിധാനമുള്ളതിനാല്‍ തിരിച്ചറിയല്‍ എളുപ്പമാകും എന്ന് പറയുന്നതിലും അര്‍ത്ഥമില്ല. കാരണം ആയിരക്കണക്കിന് റേഷന്‍ കടകളില്‍ ബയോ മെട്രിക് സംവിധാനം സ്ഥാപിക്കുക എന്നത് ഒട്ടും പ്രായോഗികം അല്ല എന്നത് തന്നെ. ഫോട്ടോ ഐ ഡി കാര്‍ഡ്‌ ചെയ്യുന്ന ഉപയോഗം മാത്രമേ യു ഐ ഡി കൊണ്ട് പൊതുവിതരണ സമ്പ്രദായത്തില്‍ ഉണ്ടാവുന്നുള്ളൂ. റേഷന്‍ കാര്‍ഡില്‍ ഒരു ഫോട്ടോ കൂടെ പതിപ്പിച്ചാല്‍ അതിനും പരിഹാരമായി.

ചോദ്യം: പൊതുവിതരണ സമ്പ്രദായത്തില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നില്ലേ? ഒരാള്‍ക്ക്‌ രണ്ടു റേഷന്‍ കാര്‍ഡ്‌ ഉണ്ടാവുക എന്നതൊക്കെ സര്‍വസാധാരണമല്ലേ? ബയോ മെട്രിക് സംവിധാനം ഉള്ളതുകൊണ്ട് രണ്ടാമത്തെ കാര്‍ഡ്‌ എടുക്കാന്‍ പോവുന്ന ആള്‍ പിടിക്കപ്പെടും. അങ്ങനെ വരുമ്പോള്‍ ഇതിലെ വ്യാപക ക്രമക്കേടുകള്‍ കുറക്കാന്‍ സാധിക്കും എന്നത് സാമാന്യ ബുദ്ധിയില്‍ മനസ്സിലാക്കാവുന്നതല്ലേയുള്ളൂ?

ഉത്തരം: ശരിയാണ്, ഒരാള്‍ക്ക്‌ രണ്ടു റേഷന്‍ കാര്‍ഡ്‌ ഉണ്ടാവുക എന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ ഫലപ്രദമായി സാധിക്കും, യു ഐ ഡി യുടെ സഹായത്തോടെ. (ഒരു പരിധി വരെ എന്ന് പറഞ്ഞത്, ബയോ മെട്രിക് സംവിധാനങ്ങള്‍ ഒരിക്കലും നൂറു ശതമാനം കുറ്റരഹിതമല്ല എന്നതുകൊണ്ടാണ്). ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേട്‌ നടക്കുന്നത് ബി പി എല്‍ ആനുകൂല്യങ്ങളിലാണ് എന്നാണ് മനസ്സിലാക്കേണ്ടത് (എന്റെ പരിമിതമായ അറിവില്‍ നിന്നുള്ള വിലയിരുതലാണിത്). ബി പി എല്‍ വിഭാഗങ്ങള്‍ക്കാണ് വലിയ ആനുകൂല്യങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭിക്കുന്നത്. ഒരാള്‍ക്ക്‌ രണ്ടു ബി പി എല്‍ കാര്‍ഡ്‌ എന്ന പ്രതിഭാസം ഒഴിവാക്കാന്‍ യു ഐ ഡി യിലൂടെ സാധിക്കും - തീര്‍ച്ച. പക്ഷെ, ഒരാള്‍ക്ക്‌ രണ്ടു ബി പി എല്‍ കാര്‍ഡ്‌ ഇപ്പെഴത്തെ സംവിധാനത്തില്‍ ലഭിക്കാന്‍ സാധ്യത വളരെ കുറവാണ് എന്നതാണ് സാരം. രണ്ടു റേഷന്‍ കാര്‍ഡ്‌ ലഭിച്ചേക്കാം - പക്ഷേ, ബി പി എല്‍ സര്‍വേ എന്ന സംഗതി കുറ്റമറ്റതാണെങ്കില്‍ രണ്ടു ബി പി എല്‍ കാര്‍ഡിനുള്ള സാധ്യത തീരെ കുറവാണ്. ബി പി എല്‍ സര്‍വേ കുറച്ചുകൂടി ഫലപ്രദം ആക്കുകയാണെന്കില്‍ ഒരാള്‍ക്ക്‌ ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടു വ്യക്തികള്‍ ആയിക്കാണിച്ചു രണ്ടു ബി പി എല്‍ കാര്‍ഡ്‌ കരസ്ഥമാക്കുക എന്നത് ഒഴിവാക്കാന്‍ സാധിക്കും. പിന്നെ, രണ്ടു എ പി എല്‍ കാര്‍ഡുകള്‍ നേടാന്‍ ശ്രമിക്കുന്നവരുടെ കാര്യം. എ പി എല്‍ വിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ കുറവാകയാല്‍, അങ്ങനെയുള്ള ക്രമക്കേടുകള്‍ കുറവായിരിക്കണം എന്ന് വേണം കരുതാന്‍. അത് വളരെ കൂടുതല്‍ ആണെങ്കില്‍ എന്തെങ്കിലും ബയോ മെട്രിക് സംവിധാനം റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയാല്‍ പോരെ?

ചോദ്യം: ദരിദ്രരുടെ ഇടയില്‍ മാത്രമല്ല ക്രമക്കേട്‌. ഇടത്തരക്കാര്‍ രണ്ടു വായ്പ വ്യത്യസ്ത തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചു എടുക്കുന്നില്ലെ?

ഉത്തരം: ഉണ്ടാവാം. പക്ഷേ, വലിയ വായ്പകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധം ആണ്. വലിയ സാമ്പത്തിക ഇടപാടുകള്‍ക്കുള്ള ഒരു യു ഐ ഡി തന്നെയാണ് പാന്‍ കാര്‍ഡ്‌. രണ്ടു പാന്‍ കാര്‍ഡ്‌ ഒരാള്‍ക്ക്‌ ഉണ്ടാവുക എന്നത് വളരെ വലിയ ഒരു കുറ്റമാണ് താനും. പാന്‍ കാര്‍ഡിലൂടെ പരിഹരിക്കാന്‍ സാധിക്കാത്ത എന്ത് പ്രശ്നമാണ് യു ഐ ഡി യിലൂടെ പരിഹരിക്കാന്‍ സാധിക്കുക.

ചോദ്യം: പൊതുവിതരണ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതിനുള്ള ഐ ഡി മെച്ചപ്പെടുത്തുക എന്ന് പരിഹാരം പറയുക. വായ്പ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാന്‍ കാര്‍ഡ്‌ നന്നാക്കുക എന്ന് പരിഹാരം പറയുക. ഇതിനെല്ലാം പകരം ഒരൊറ്റ ഐ ഡി എന്നതാണ് യു ഐ ഡി കൊണ്ടുദ്ദേശിക്കുന്നത്. എന്തുകൊണ്ട് ഓരോന്നിനെ പ്രത്യേകം കുറ്റമറ്റതാക്കുന്നത് സ്വീകാര്യമാവുകയും, എല്ലാം കൂടി ഒന്നിച്ചു കുറ്റമറ്റതാക്കുന്നത് സ്വീകാര്യം അല്ലാതാവുകയും ചെയ്യുന്നു?

ഉത്തരം: നിലവിലുള്ള രണ്ടു സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പകരം മറ്റൊരു ബൃഹത്തായ സംവിധാനം (കുറെയധികം കാശ് ചെലവ് വരുന്ന) നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ - അങ്ങനെ ഉദ്ദേശിക്കുന്നവരല്ലേ, അതിനുള്ള ന്യായീകരണവും പറയേണ്ടത്? രണ്ടു സംവിധാനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, മറ്റു നൂറു കാര്യങ്ങള്‍ക്ക് കൂടി നിര്‍ബന്ധമാക്കുന്ന ഒരു കാര്‍ഡ്‌ എന്തിനാണ്? യു ഐ ഡി ഒരു കാര്‍ഡ്‌ അല്ല, ഒരു സംഖ്യ മാത്രം ആണ് എന്നാണു നന്ദന്‍ നിലെകാനി ഇപ്പോള്‍ പറയുന്നത് - അപ്പോള്‍, റേഷന്‍ കാര്‍ഡ്‌ കൊണ്ട് സാധ്യമാകുന്ന തിരിച്ചറിയല്‍ പ്രക്രിയ നേരാം വണ്ണം നടക്കണം എങ്കില്‍ അതിനു ഒരു റേഷന്‍ കാര്‍ഡ്‌ തന്നെ വേണം. അത് റേഷന്‍ നമ്പറിനു പകരം യു ഐ ഡി രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്‍ഡ്‌ ആയിരിക്കാം എന്ന് മാത്രം. പിന്നെ, പാന്‍ നമ്പറിനു പകരക്കാരനായി യു ഐ ഡി ക്ക് മാറാന്‍ സാധിക്കും, ശരിയാണ് - അതില്പരം യു ഐ ഡി ക്ക് സാമ്പത്തിക ഇടപാടുകളുടെ കാര്യത്തില്‍ കൂടുതലായി ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കാന്‍ എളുപ്പമല്ലേ. മറ്റു നൂറു കാര്യങ്ങള്‍ക്കും കൂടി ഒരേ ഐ ഡി ഉപയോഗിക്കാന്‍ സാധിക്കും എന്നത് നല്ല കാര്യം തന്നെ - പക്ഷേ, അങ്ങനെ ഒരു സംരംഭത്തിന് വേണ്ട ചിലവുകള്‍ ന്യായീകരിക്കപ്പെടുന്നുണ്ടോ എന്നതാണ് വിഷയം.

ചോദ്യം: യു ഐ ഡി കാരണം ഒരാളുടെ സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് പറയുന്നത് അടിസ്ഥാന രഹിതം അല്ലെ? ഒരു പൌരന്റെ എല്ലാ വിവരവും സര്‍ക്കാര്‍ അറിഞ്ഞിരിക്കുന്നതില്‍ എന്താണ് കുഴപ്പം. ഓരോ രേഖക്കായി അപേക്ഷിക്കുമ്പോഴും നമ്മള്‍ എല്ലാ വിവരങ്ങളും സര്‍ക്കാരിന് നല്‍കാന്‍ ബാധ്യസ്തരല്ലേ? അതെല്ലാം കൂടി എകീകരിക്കുന്നു എന്നത് എങ്ങനെയാണ് പ്രശ്നത്തിന് കാരണം ആകുന്നത്?

ഉത്തരം: സര്‍ക്കാര്‍ എന്ന് പറയുന്നത് ഒരു പ്രസ്ഥാനമാണ് - സര്‍ക്കാരിന് ഒരു വിവരം ലഭ്യമാണ് എന്നത് കൊണ്ട് അര്‍ത്ഥമാകുന്നത് സര്‍ക്കാര്‍ ജീവനക്കാരില്‍ പലര്‍ക്കും അത് ലഭ്യമാകുന്നു എന്നാണ്. ഉദാഹരണത്തിന്, ഒരാള്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സിനു അപേക്ഷിക്കുന്നു എന്ന് കരുതുക. ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്തുന്നയാള്‍ക്ക് ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അറിയേണ്ട ഒരു കാര്യവുമില്ല. പക്ഷേ, ഡ്രൈവിംഗ് ലൈസെന്‍സ് അപേക്ഷ സംവിധാനത്തില്‍ യു ഐ ഡി നടപ്പിലാക്കുന്നതിലൂടെ എല്ലാ വിവരങ്ങളും ലൈസെന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥനില്‍ എത്തിപ്പെടുകയാണ്. അത് അയാള്‍ പരിശോധിക്കരുത് എന്ന് നമുക്ക് വാദിക്കാം - പരിശോധിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താം. പക്ഷേ, സര്‍ക്കാരിന് ലഭ്യമാകുന്നു എന്ന നിലക്ക് അത് ഡ്രൈവിംഗ് ലൈസെന്‍സ് നല്കുന്നയാള്‍ക്കും ലഭ്യമാകണം എന്ന വാദം ഉണ്ടായേക്കാം. നമ്മുടെ എല്ലാ ഏകീകൃത വിവരവും സര്‍ക്കാരിന് ലഭ്യമാകുന്നു എന്നതിലൂടെ ഈ ഉദ്യോഗസ്ഥനും ലഭ്യമാകുന്നു എന്ന് തന്നെയാണ് വസ്തുത. അത് അയാള്‍ക്ക്‌ കിട്ടാന്‍ ചില നിബന്ധനകള്‍ സര്‍ക്കാര്‍ വെച്ചേക്കാം - പക്ഷേ, അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഈ ഡ്രൈവിംഗ് ലൈസെന്‍സ് ഉദാഹരണത്തില്‍, ആ ഉദ്യോഗസ്ഥന്‍ ഒരു പക്ഷേ, അപേക്ഷകന്റെ സാമ്പത്തിക നിലവാരത്തിനനുസരിച്ചു കൈക്കൂലി ചോദിച്ചേക്കാം. സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ മാത്രമാണോ എന്നറിയില്ല, നീട് ടു നോ എന്നൊരു പ്രയോഗം ഉണ്ട്; ഒരാള്‍ക്ക്‌ അറിയാന്‍ ആവശ്യമുള്ളത് മാത്രം അറിഞ്ഞാല്‍ മതി എന്ന് ചുരുക്കം. ഡ്രൈവിംഗ് ലൈസെന്‍സ് ഉദാഹരണത്തില്‍, ഈ നീട് ടു നോ പ്രകാരം, ആ ഉദ്യോഗസ്തന്‍ അറിയേണ്ടത്/വിലയിരുത്തേണ്ടത് വണ്ടി ഓടിക്കാനുള്ള അപേക്ഷകന്റെ കെല്പ് മാത്രമാണ്. പക്ഷേ, ചില കാര്യങ്ങളില്‍ കൂടുതല്‍ അറിയേണ്ടിവരും; ഉദാഹരണത്തിന് പാസ്പോര്‍ട്ട്‌ അപേക്ഷയുടെ സമയത്ത് ഒരുവിധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടിവരും. അത് പാസ്പോര്‍ട്ട്‌ അപേക്ഷയുടെ കാര്യത്തില്‍ മാത്രം മതി - ഒരു പ്രക്രിയയില്‍ എല്ലാ വിവരങ്ങളും പരിശോധിക്കെണ്ടിവരുന്നുണ്ട് എന്നത് എല്ലാ പ്രക്രിയകള്‍ക്കും ആ വിവരം ലഭ്യമാക്കുന്നതിനെ സാധൂകരിക്കുന്നില്ല.

ചോദ്യം: യു ഐ ഡി ഒരിക്കലും അടിച്ചേല്‍പ്പിക്കില്ല എന്ന് നന്ദന്‍ തന്നെ പറയുന്നുന്ടെല്ലോ. യു ഐ ഡി യില്‍ പങ്കാളിയാവണോ വേണ്ടയോ എന്നത് ഒരു പൌരന് തീരുമാനിക്കാവുന്ന കാര്യമാണ് എങ്കില്‍ ഇതിനെ എതിര്‍ക്കുന്നതെന്തിന്? താല്പര്യമില്ലാത്തവര്‍ക്ക് മാറി നില്‍ക്കാം

ഉത്തരം: ഒരാള്‍ യു ഐ ഡി യില്‍ പങ്കെടുക്കുന്നില്ല എന്ന് കരുതുക. താഴെ പറയുന്ന രണ്ടില്‍ ഒന്ന് സംഭവിക്കാം.

൧. അയാള്‍ക്ക്‌ ഒരു ദോഷവും ഇല്ല. എല്ലാ പ്രക്രിയകളും കാര്യങ്ങളും (അതെ വേഗതയില്‍) യു ഐ ഡി ഉള്ളവരെപ്പോലെ തന്നെ അയാള്‍ക്കും ചെയ്യാന്‍ സാധിക്കുന്നു.

ഇങ്ങനെ ആണ് കാര്യമെന്കില്‍ എന്തിനു ഒരു പൌരന്‍ യു ഐ ഡി എടുക്കണം? ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തില്‍ യു ഐ ഡി പദ്ധതി അമ്പേ പാളിപ്പോവുകയില്ലേ. ഒരു പൌരന്റെ ഒരു സ്വാഭാവിക ചോദ്യം ഇതായിരിക്കാം, എന്റെ പക്കല്‍ ഒരു റേഷന്‍ കാര്‍ഡ്‌ ഉണ്ട്, ഒരു വോട്ടര്‍ കാര്‍ഡ്‌ ഉണ്ട്. ഇതിനെയെല്ലാം ഏകീകരിച്ചു ഒരു യു ഐ ഡി എടുക്കുന്നത് കൊണ്ട് എനിക്കെന്തു പ്രയോജനം?. പാസ്പോര്‍ട്ട്‌ അപേക്ഷയുടെ സമയത്ത് നടക്കുന്നത് പോലെയുള്ള ഒരു വിശാലമായ പരിശോധന യു ഐ ഡി അപേക്ഷയുടെ സമയത്ത് നടക്കുന്നുണ്ട് എങ്കില്‍, യു ഐ ഡി അപേക്ഷയുടെ വില സ്വാഭാവികമായി കൂടും. (അപ്പോള്‍ പിന്നെ ആളുകള്‍ പങ്കെടുക്കാനുള്ള സാധ്യത പിന്നെയും കുറയുകയാണ്). കൂടുന്നില്ല എന്നുണ്ടെങ്കില്‍ ആ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നു എന്നര്‍ത്ഥം (എപ്പോഴെന്കിലും ആ യു ഐ ഡി അപേക്ഷകന്‍ പസ്സ്പോര്‍തിനു അപേക്ഷിക്കും അന്ന് എന്താണുറപ്പ്? അപേക്ഷിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവ് വെറുതെ കൂടുന്നു എന്ന് സാരം). ചുരുക്കത്തില്‍ ഒരു പൌരന് യു ഐ ഡി ലഭിച്ചാല്‍ കൂടുതലായി ഒരു ഗുണവുമില്ല എന്ന സാഹചര്യത്തില്‍, വലിയ തോതില്‍ ഈ യു ഐ ഡി യില്‍ പങ്കാളിത്തം ഉണ്ടാവുക സ്വാഭാവികമല്ല.

അടിക്കുറുപ്പ്: ഇങ്ങനെ പറയുമ്പോഴും പുതിയ അപേക്ഷകര്‍ യു ഐ ഡി യില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഒരാള്‍ക്ക്‌ അടുത്തിടെ പതിനെട്ടു വയസ്സ് കഴിഞ്ഞെന്നു കരുതുക. അയാള്‍ വോട്ടര്‍ ഐ ഡി കാര്‍ഡിന് അപേക്ഷിക്കുന്നതിന് പകരം യു ഐ ഡി ക്ക് അപേക്ഷിച്ചേക്കാം, കാരണം യു ഐ ഡി കൊണ്ട് അയാള്‍ക്ക്‌ വോട്ടര്‍ ഐ ഡി കൊണ്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഗുണമുണ്ടായേക്കാം എന്നതുകൊണ്ട് തന്നെ. അതുകൊണ്ട്, പങ്കെടുക്കുക എന്നത് നിര്‍ബന്ധമല്ലെന്കില്‍ പോലും യു ഐ ഡി ക്ക് ചില ഉപഭോക്താക്കള്‍ ഉണ്ടായേക്കാം.

൨. അയാള്‍ക്ക്‌ യു ഐ ഡി ക്കാരെ അപേക്ഷിച്ചു കൂടുതല്‍ സമയം ഓരോ കാര്യത്തിനും ചിലവാക്കേണ്ടി വരുന്നു. ഉദാഹരണത്തിന്, ഒരു ബാങ്ക് അക്കൗണ്ട്‌ തുറക്കാന്‍ യു ഐ ഡി ഇല്ലാത്തതു മൂലം അയാള്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നു എന്ന് കരുതുക.

ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചിട്ടു യു ഐ ഡി നിര്‍ബന്ധമല്ല എന്ന് പറയുന്നത്, ഒരു തരം വിവേചനമല്ലേ? അങ്ങനെ എങ്കില്‍ യു ഐ ഡി എടുത്തില്ലെങ്കില്‍ നിങ്ങളുടെ ജീവിതം ദുഷ്കരമായിരിക്കും എന്നതല്ലേ അത് നല്‍കുന്ന സന്ദേശം? യു ഐ ഡി നിര്‍ബന്ധമാക്കലും ഉണ്ടെങ്കില്‍ നന്നായിരിക്കും എന്ന് പറയുന്നതും തമ്മില്‍ ഒരു അന്തരമുണ്ട് - പക്ഷേ, രണ്ടിന്റെയും ധ്വനി തമ്മില്‍ വലിയ സമാനതയുണ്ട്.

Thursday, July 22, 2010

സംഘടനാ സംവിധാനങ്ങളും അവയുടെ പരിമിതികളും

നമ്മള്‍ മലയാളികള്‍ സംഘടനയുടെ ബലത്തില്‍ വിശ്വസിക്കുന്നവരാണ്. സംഘടന സംവിധാനങ്ങളുടെ അഭാവം ചൂഷണത്തിനുള്ള വാതിലുകള്‍ തുറക്കുന്നു എന്ന് നമ്മളില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നു. പക്ഷേ, സംഘടന സംവിധാനങ്ങളിലൂടെ ഉണ്ടാകുന്ന തീരുമാനങ്ങളും സമ്പ്രദായങ്ങളും എപ്പോഴും എല്ലാവര്ക്കും നല്ലതാണോ? - ഈ ചോദ്യം പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍.

ഒരു ഉദാഹരണത്തില്‍ തുടങ്ങാം: അടുത്തിടെ എസ് എഫ് ഐ എന്ന വിദ്യാര്‍ഥി രാഷ്ട്രീയ സംഘടന തെക്കന്‍ കേരളത്തിലെ ഒരു കലാലയത്തില്‍ ഒരു അനൌപചാരിക ഡ്രസ്സ്‌ കോഡ് നടപ്പിലാക്കിയതായി കാണുന്നു - പെണ്‍കുട്ടികള്‍ ജീന്‍സ്‌ ധരിക്കുന്നതിനെതിരായിരുന്നു ആ ഡ്രസ്സ്‌ കോഡ്. ഇത് പലര്‍ക്കും അസുഖകരമായിരുന്നിരിക്കണം. അതെ സമയം തന്നെ ഇതേ സംഘടന ഉള്ളത് റാഗ്ഗിംഗ് പോലെയുള്ള കാര്യങ്ങള്‍ തടയുന്നതിന് വളരെ ഫലപ്രദം ആണ് താനും. ഈ ഉദാഹരണത്തില്‍ ഒരു സംഘടന സമൂഹനന്മാക്കായി നിലകൊള്ളുന്നതിനോപ്പം ചിലരുടെ വസ്ത്രധാരണ സ്വാതന്ത്ര്യം ഹനിക്കുന്നു.

മറ്റൊരു ഉദാഹരണം കൂടി പരിശോധിക്കാം - ഒരു പ്രദേശത്തെ ജനങ്ങള്‍ ഒരു റസിടെന്റ്റ്‌ അസോസിയേഷന്‍ രൂപവല്‍ക്കരിച്ചു എന്നിരിക്കട്ടെ. അവര്‍ ചവര്‍ നിക്ഷേപിക്കാനും അത് പ്രോസ്സസ് ചെയ്യാനും ഒരു പ്ലാനറ്റ്‌ സ്ഥാപിക്കുന്നു എന്ന് കരുതുക. അത് പൊതുവില്‍ സ്ഥലവാസികള്‍ക്ക് നല്ലതാണ്. പക്ഷേ, ആ പ്ലാനറ്റ്‌ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനടുത്ത് താമസിക്കുന്നവര്‍ കൂടുതലായി ദുര്‍ഗന്ധം സഹിക്കേണ്ടി വന്നേക്കാം. അങ്ങനെ ആ ന്യൂനപക്ഷത്തിനു അത് സ്വീകാര്യമായ സംവിധാനം ആയിരിക്കണം എന്നില്ല.

ചില സംഘടനകള്‍ അവയുടെ നടത്തിപ്പിലെ പാകപ്പിഴകള്‍ കാരണം തന്നെ പ്രശ്നക്കാരാകുന്നു. ഉത്തമ ഉദാഹരണങ്ങള്‍ പാര്‍ട്ടിയിലെ പ്രബലരുടെ ഇഷ്ടങ്ങള്‍ക്ക് വളരെയധികം മുന്‍തൂക്കം നല്‍കുന്ന രാഷ്ട്രീയ സംഘടനകള്‍ തന്നെയാണ്. പക്ഷെ, ശാസ്ത്രീയ തീരുമാനങ്ങളിലും സംഘടന ജനാധിപത്യത്തിലും വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഉണ്ടാകാം - അവയും എല്ലാവര്ക്കും നല്ലതാവണം എന്നില്ല.
  • സംഘടന ഇല്ലായ്മ: ഇത് ഒരു എക്സ്ട്രീം ആണ്. സംഘടനയില്ലെന്കില്‍ ചൂഷണം ഉണ്ടാകും എന്നത് നമ്മളോട് ആരും പറഞ്ഞു തരേണ്ടതില്ല. സംഘടനയുടെ അഭാവം സമൂഹ നന്മയും സൃഷ്ടിക്കണം എന്നില്ല. നമ്മുടെ ഉദാഹരണത്തില്‍, സംഘടന ഇല്ലെങ്കില്‍ ഒരു ചവര്‍ സംസ്കരണ പ്ലാനറ്റ്‌ നിര്‍മിക്കുന്നതിനു പകരം എല്ലാവരും സ്വന്തം ഇഷ്ടാനുസരണം മാലിന്യം തങ്ങളുടെ വീടിനു പുറത്തുള്ള പരിസരത്ത് നിക്ഷേപിച്ചെന്നു വരാം.
  • പൂര്‍ണമായി സംഘടന നിയന്ത്രിതമായ സംവിധാനം: ഈ സംവിധാനത്തില്‍ ഉള്ള പ്രശ്നങ്ങളാണ് നമ്മള്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. നമ്മുടെ ഉദാഹരണത്തില്‍, ശാസ്ത്രീയമായ മാലിന്യ സംസ്കരണം നിമിത്തം ഒന്ന് രേണ്ട് പേര്‍ക്ക് കടുത്ത ദുര്‍ഗന്ധം സഹിക്കേണ്ടിവന്നേക്കാം. അതുകൊണ്ട് സമൂഹ നന്മ ഇപ്പോഴും എല്ലാവരുടെയും നന്മ ആയിരിക്കണം എന്നില്ല.
ഇങ്ങനെയുള്ള രണ്ടു സംവിധാനങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നമ്മള്‍ എന്ത് ചെയ്യണം. ഒരു സംഘടന നിലനില്‍ക്കുമ്പോള്‍ തന്നെ, ചില ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സ്വാതന്ത്ര്യം വേണം എന്നുണ്ടെങ്കില്‍ അതിനനുവദിക്കുന്നതാണ് ഉത്തമം. സംഘടനയില്‍ ചേരാത്തവരെ നമ്മള്‍ മൂരാച്ചികള്‍ എന്ന് വിളിക്കേണ്ടതുണ്ടോ? അതെ സമയം സംഘടനയില്‍ ചേരാതെ അനവധി ആളുകള്‍ മാറിനില്‍ക്കുന്നുന്ടെന്കില്‍ അത് സംഘടനയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലേ? ഇങ്ങനെ അനവധി ചോദ്യങ്ങള്‍ ഉയരുന്നു. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടാവണമെന്നുമില്ല. പൊതുവില്‍ സംഘടന സംവിധാനത്തിനുള്ള ചില പരിമിതികള്‍ മനസ്സിലാക്കാനും മികവുറ്റ സംഘടന സംവിധാനങ്ങള്‍ സൃഷ്ടിക്കാനും ഉപകരപ്രദമായേക്കാവുന്ന ചില നിരീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • സംഘടനയിലെ ശക്തര്‍: ഒരു സംഘടനയില്‍ ഉള്പ്പെട്ടിട്ടുള്ളവര്‍ക്ക് എല്ലാവര്ക്കും ഒരേ അഭിപ്രായം ഉണ്ടാവുക എന്നത് വളരെ അപൂര്‍വം അവസരങ്ങളില്‍ മാത്രം ആയിരിക്കാം. അങ്ങനെ അല്ലാതെയുള്ള അവസരങ്ങളില്‍ ഒരു സംഘടനയുടെ അഭിപ്രായം എന്ന രീതിയില്‍ പുറത്തു വരുന്നത് ഒരുപക്ഷെ അതിലെ ശക്തരുടെ അഭിപ്രായം മാത്രം ആയിരിക്കാം. അത്തരം അഭിപ്രായങ്ങള്‍ സ്ഥാപിത താല്‍പര്യങ്ങളില്‍ ഊന്നിയവ ആകാനും പൊതുവില്‍ ഗുണകരമല്ലാത്തതാകാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ അത് സംഘടനയുടെ കെട്ടുറപ്പിനെ തന്നെ ബാധിച്ചേക്കാം.
  • സംഘടന ജനാധിപത്യം: ഓരോ പ്രധാന കാര്യത്തിലും തീരുമാനമെടുക്കുമ്പോള്‍ ആരോഗ്യകരമായ ചര്‍ച്ചകളും അവയില്‍ അംഗങ്ങള്‍ക്ക് വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനുള്ള സംവിധാനവും ഉണ്ടാവേണ്ടത് അനിവാര്യമാണ്. "തീരുമാനം എടുക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി" എന്നൊക്കെ ഒരു പാര്‍ട്ടി പറയുമ്പോള്‍ ആ സംഘടനയിലെ ദൌര്‍ബല്യമല്ലേ അത് വെളിവാക്കുന്നതെന്ന് ഒരാള്‍ ചിന്തിച്ചാല്‍ അതിനെ ആര്‍ക്കെങ്കിലും കുറ്റം പറയാന്‍ സാധിക്കുമോ. മാത്രമല്ല, എസ് എഫ് ഐ പോലെയൊരു സംഘടന ജനാധിപത്യ രീതിയില്‍ ഒരു തീരുമാനം എടുത്താല്‍ "ജീന്‍സ്‌ ധരിക്കരുത്" എന്നിങ്ങനെയുള്ള തരം നിലപാടുകള്‍ ഒഴിവാക്കാമായിരുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു.
  • "മൂരാച്ചികളോടുള്ള" പെരുമാറ്റം: കേരളത്തിലെ പല സംഘടന സംവിധാനങ്ങളുടെയും ഒരു പ്രശ്നമാണിത്. ഒരു രസിടെന്റ്സ്‌ അസോസിയേഷന്‍ തുടങ്ങുന്നു എന്നിരിക്കട്ടെ. ഒരാള്‍ അതില്‍ ചേരുന്നില്ല എന്ന് തീരുമാനിക്കുകയാണെങ്കില്‍ അയാളെ ഒറ്റപ്പെടുത്തുന്ന പ്രവണതയുണ്ട് (മൂരാച്ചി എന്നാ വാക്കിന്റെ അര്‍ത്ഥം എനിക്ക് അത്ര നിശ്ചയമില്ല - പക്ഷെ, ആ വാക്കാണ്‌ അങ്ങനെയുള്ളവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച് വരുന്നത്), നമ്മുടെ നാട്ടില്‍. ആ സംഘടനയില്‍ ചേരാന്‍ തല്പര്യമില്ലാത്തവരെ അതില്‍ ചേരുന്നതില്‍ ഉള്ള ഗുണങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും എന്നിട്ടും വഴങ്ങുന്നില്ലെന്കില്‍ നിര്‍ബന്ധിക്കാതിരിക്കുകയും ആണ് ബുദ്ധി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒറ്റപ്പെടുത്തല്‍ ഒരിക്കലും ശരിയായ നടപടിയല്ല. സംഘടന എന്ന് പറയുന്നത് തന്നെ സ്വമേധയാ ചേരുന്ന ഒരു സംവിധാനം എന്നാണല്ലോ അര്‍ത്ഥം. വ്യക്തികളുടെ സ്വാതന്ത്ര്യത്തെ മാനിക്കുക.
  • സംഘടനകളും തീവ്ര നിലപാടുകളും: തീവ്ര നിലപാടുകള്‍, പ്രത്യേകിച്ചും അത് സംഘടനക്ക് ഉള്ളിലുള്ളവരുടെയോ പുറത്തുള്ളവരുടെയോ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എങ്കില്‍ - അത് അത്യന്തം ആലോചിച്ചു വേണം. സര്‍ക്കാരിനെ നമുക്ക് ഒരു തരത്തില്‍ ഒരു സംഘടന ആയി കാണാം. എപ്പോഴാണ് സര്‍ക്കാര്‍ പൊതുസ്ഥലത്തെ സിഗരറ്റ് വലി നിരോധിക്കേണ്ടത്? അത് അനവധി ആളുകളുടെ (വലിക്കാത്തവരുടെയും) ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് വരുമ്പോള്‍ മാത്രമാണ് അത് ചെയ്യേണ്ടത് എന്നാണു എന്റെ പക്ഷം. ഹന്സ് എന്ന പോലെയുള്ള പുകയില ഉലപ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ അല്ലാതെയുള്ളവരുടെ ആരോഗ്യത്തെ ബാധിക്കാത്ത സംഗതികള്‍ ആയതിനാല്‍ നിരോധിക്കേണ്ട കാര്യമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നതും അത് കൊണ്ട് തന്നെ. കര്‍ണാടകത്തില്‍ ആളുകള്‍ ബീഫ്‌ തിന്നുന്നതിലും തെറ്റൊന്നുമില്ല - അത് നിരോധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കല്‍ ആണ്.
  • പൊതു പ്രശ്നങ്ങളും സംഘടനകളും (വേണ്ട മേഘലകളില്‍ സംഘടനാ പ്രവര്‍ത്തനം ഉണ്ടാവുന്നുണ്ടോ?): ഒരു പോതുപ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ സംഘടനയുടെ പങ്കു വളരെ വലുതാണ്‌. ഒരു ഗ്രാമത്തില്‍ ഒരു വിദ്യാലയം ഇല്ലെന്നു കരുതുക. ഓരോരുത്തരും അത് അവരുടെ വ്യക്തിപരമായ പ്രശ്നം ആയി കാണുകയാണെങ്കില്‍ അവരെല്ലാവരും കുട്ടികളെ ദൂരത്തുള്ള വിദ്യാലയത്തിലേക്ക് അയക്കുമായിരിക്കും (ഇത് തികച്ചും ഒരു സ്വകാര്യ പരിഹാരം ആണ്); അതിനു ചെലവ് കൂടുതല്‍ ആണ്, കുട്ടികള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരികയും ചെയ്യും. അതുകൊണ്ടുതന്നെ അത് കാര്യക്ഷമം അല്ല. ഒരു സംഘടന സംവിധാനത്തിന് കൂടുതല്‍ ആളുകളുടെ പങ്കാളിത്തം ഉള്ളതുകൊണ്ട് ഒരു വിദ്യാലയം ആ ഗ്രാമത്തില്‍ തന്നെ കൊണ്ടുവരാന്‍ സാധിച്ചേക്കും. അല്ലെങ്കില്‍ കുട്ടികള്‍ക്ക് ഒരുമിച്ചു ദൂരെയുള്ള വിദ്യാലയത്തിലേക്ക് യാത്ര ചെയ്യാന്‍ ഒരു സംവിധാനമെന്കിലും കുറഞ്ഞ പക്ഷം നടപ്പിലാക്കാന്‍ സാധിക്കും. പറഞ്ഞു വരുന്നത്, പൊതു പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സംഘടന സംവിധാനങ്ങള്‍ മുന്കൈയ്യേടുക്കേണ്ടത് അനിവാര്യം ആണ് എന്നാണു. അതിനു ആളുകള്‍ തയ്യാറാവണം എന്നതും പ്രധാനമാണ്. മാത്രവുമല്ല, ഒരു പോതുപ്രശ്നതിനു പലരും സ്വകാര്യ പരിഹാരങ്ങള്‍ ആണ് കണ്ടെത്താന്‍ മുതിരുന്നതെന്കില്‍, ഒരു പൊതു പരിഹാരം കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യും. "ഒരു പോതുപരിഹാരം അധികൃതര്‍ സൃഷ്ടിച്ചിരുന്നു എങ്കില്‍ ഈ സ്വകാര്യ പരിഹാരം വേണ്ടിവരില്ലായിരുന്നു" എന്ന് പറയുന്നത് ഒരു പോതുപരിഹാരത്തിന് ആക്കം കൂട്ടുന്നില്ല - അതുകൊണ്ട് തന്നെ, അത് തന്നെയാണ് പ്രശ്നവും.
സംഘടനകള്‍ തികച്ചും ആവശ്യമാണെന്നും സ്വകാര്യ പരിഹാരങ്ങളെക്കാള്‍ കൂട്ടയ്മയിലൂടെയുണ്ടാകുന്ന പരിഹാരങ്ങള്‍ ആണ് നല്ലതെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ, സംഘടനയില്‍ വിശ്വസിക്കുമ്പോഴും അവയുടെ പരിമിതികളെക്കുറിച്ച് ധാരണ ഉണ്ടായിരിക്കുന്നത് സംഘടനയിലുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും തീര്‍ച്ചയായും ഉപയോഗപ്രദം ആയിരിക്കേണ്ടതാണ്.

ഈ പോസ്റ്റ്‌ എഫ് ഇ സി എന്ന ഇന്റര്‍നെറ്റ്‌ ചര്‍ച്ചാവേദിയില്‍ ഉണ്ടായ ഒരു സുദീര്‍ഘ ചര്‍ച്ചയില്‍ നിന്നും ഉടലെടുത്തതാണ്. ഈ ലേഖനത്തിലെ പല ആശയങ്ങളും ആ ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളുടെ പോസ്റ്റുകളില്‍ നിന്നും കടം എടുത്തവ ആണ്. (ശാന്തകുമാര്‍, ആര്‍ വി ജി, സാജന്‍, അമ്പാടി, രാംകുമാര്‍, ചേക്കുട്ടി എന്നിവരുടെ അഭിപ്രായങ്ങള്‍ ആണ് ഈ പോസ്റ്റില്‍ കൂടുതലായും പ്രതിഫലിക്കുന്നത് എന്ന് വീണ്ടും വായിക്കുമ്പോള്‍ എനിക്ക് തോന്നുന്നു.)

Saturday, July 10, 2010

നമ്മുടെ വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കാത്തതെന്തു കൊണ്ട്?

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രധാനമായും രണ്ടു കര്‍ത്തവ്യങ്ങള്‍ ആണുള്ളത്. ഒന്ന്: വിജ്ഞാനം പകര്‍ന്നു കൊടുക്കല്‍. രണ്ട്: വിജ്ഞാനം സൃഷ്ടിക്കല്‍. വൈജ്ഞാനികമായ ഉണര്‍വ് ഇല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടാമത്തെ കര്‍ത്തവ്യം നിറവേറ്റാന്‍ കഴിയുകയില്ല. നമ്മുടെ സംസ്ഥാനത്തെ കലാലയങ്ങളിലെ വൈജ്ഞാനിക നിര്‍ജീവാവസ്ഥയുടെയും തന്മൂലമുള്ള വിജ്ഞാന സൃഷ്ടിയിലെ മുരടിപ്പിന്റെയും ഒരു വശം പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍.

(ഈ ലേഖകന്‍ ഇതുവരെ അധ്യാപകന്‍ ആയിരുന്നിട്ടില്ലാതതിനാല്‍ പറയുന്നതില്‍ പരിമിതികള്‍ തീര്‍ച്ചയായും ഉണ്ടാകും; പക്ഷേ, അടുത്തിടെ വരെ വിദ്യാര്‍ഥി ആയിരുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ വീക്ഷണകോണില്‍ നിന്ന് കാര്യങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തില്‍)

വിജ്ഞാന സൃഷ്ടിയുടെ സാര്‍വദേശീയ മാനദണ്ഡം ആയി അംഗീകരിക്കപ്പെടുന്നത് മികച്ച വേദികളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന വൈജ്ഞാനിക പ്രബന്ധങ്ങളുടെ (പേപ്പര്‍) രചന ആണ്. കൂടുതല്‍ പേപ്പര്‍ എഴുതുന്നതിലൂടെയും കൂടുതല്‍ മികച്ച വേദികളില്‍ അവ പ്രസിദ്ധീകരിപ്പിച്ചെടുക്കാന്‍ സാധിക്കുന്നതിലൂടെയും വൈജ്ഞാനിക വേദികളില്‍ കൂടുതല്‍ ബഹുമാനം നേടിയെടുക്കാന്‍ സാധിക്കും; അഥവാ അങ്ങനെ മാത്രമേ കൂടുതല്‍ മികച്ച ശാസ്ത്രകാരനായി അംഗീകാരം നേടിയെടുക്കാന്‍ സാധിക്കയുള്ളൂ. ഇങ്ങനെയുള്ള മാനദണ്ടങ്ങളില്‍ മികച്ചു നില്‍ക്കണമെങ്കില്‍ നമ്മുടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആഴത്തിലുള്ള പഠനം നടത്തണം - ചോദ്യങ്ങള്‍ ചോദിക്കുക എന്നത് അതിനു ഏറ്റവും സഹായകരമായ പ്രവൃത്തി ആണ്. നമ്മുടെ ക്ലാസ്സ്‌ മുറികളില്‍ ഒരു ദിശയില്‍ മാത്രം ആശയവിനിമയം നടക്കുന്നു; അധ്യാപകരില്‍നിന്നു വിദ്യാര്‍ഥികളിലേക്ക് മാത്രം. വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് വളരെ അപൂര്‍വം ആയിട്ട് മാത്രമാണ് എന്നതാണ് എന്റെ വിലയിരുത്തല്‍. എന്റെ, അധ്യാപകരായ സുഹൃത്തുക്കള്‍ അത് ശരിവെക്കുകയും ചെയ്യുന്നു. നമുക്കെല്ലാവര്‍ക്കും ഇതിന്റെ മൂലകാരണം അറിയാം - പക്ഷേ, നമ്മള്‍ ആ കടമ്പകള്‍ കടക്കുവാന്‍ ശ്രമിക്കുന്നില്ല. ചോദ്യങ്ങളും വൈജ്ഞാനിക ചര്‍ച്ചകളും ഉണ്ടാവാന്‍ പ്രതിബന്ധമായി നില്‍ക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ നിരത്തുവാന്‍ ശ്രമിക്കുകയാണ്. നമ്മുടെ കലാലയങ്ങളില്‍ വിജ്ഞാന സൃഷ്ടി ഫലപ്രദമായി ഉണ്ടാകണമെങ്കില്‍ ഒഴിവാക്കപ്പെടേണ്ട പ്രവണതകള്‍ ഇവ തന്നെയാണ്.

  • അധ്യാപകരോടുള്ള അമിതമായ ബഹുമാനം: എങ്ങനെ എന്നറിയില്ല, പലരുടെയും ധാരണ "അധ്യാപകന്‍ പറയുന്നത് ശ്രദ്ധയോടു കേള്‍ക്കുക, ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക" എന്നതാണ് ബഹുമാനം കാണിക്കാനുള്ള ഫോര്‍മുല എന്നാണു. പാശ്ചാത്യ രാജ്യങ്ങളിലെ പല സര്‍വകലാശാലകളിലും "സര്‍" എന്നാ വിളി തന്നെ നിരുല്സാഹപ്പെടുതുന്നു - പാശ്ചാത്യ പ്രവണതകള്‍ അനുകരിക്കണം എന്നല്ല - നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ അവരുടെ ചില ശീലങ്ങള്‍ സഹായിക്കുമെന്കില്‍ അത് ഇവിടെയും നടപ്പാക്കുന്നതില്‍ എന്താണ് തെറ്റ്.
  • "ഞാന്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്നത് മണ്ടത്തരം ആണെങ്കിലോ?": ആരും പറയാതെ തന്നെ നമുക്കറിയാവുന്ന കാര്യമാണിത്. ചില അധ്യാപകര്‍ (ഞാന്‍ പഠിച്ചിരുന്ന ഒരു ഉന്നത കലാലയത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി) "ഇതെന്തൊരു മണ്ടത്തരമാണ് നീ ചോദിക്കുന്നത്" എന്ന് ചോദിച്ചു കുട്ടികളെ നിരുല്സാഹപ്പെടുതുന്നു. ഒരു ക്ലാസ്മുറിയില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത സ്വരം ആണ് കളിയാക്കലിന്റെ സ്വരം. ഇതേ കളിയാക്കല്‍ പലപ്പെഴും വിദ്യാര്‍ത്ഥികള്‍ തമ്മിലും ഉണ്ടാകുന്നു. അതും നിര്‍ഭാഗ്യകരം തന്നെയാണ്.
  • "സര്‍ പറഞ്ഞതല്ലേ, അത് ശരിയായിരിക്കും": അധ്യാപകര്‍ മാലാഖമാര്‍ ആണെന്നാണ്‌ പലരുടെയും വിചാരം. "സറിന് നിന്നെക്കാള്‍ വിവരമുണ്ട്" എന്നൊക്കെ നമ്മള്‍, ചെറുപ്പത്തില്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ടാവും. അതൊക്കെ ഈ ചിന്താഗതി വളര്‍ത്തുന്നതില്‍ ഒരു പങ്കു വഹിക്കുന്നുണ്ട്. ശരിയാണ്, അധ്യാപകന് വിദ്യാര്‍ഥികളെക്കാള്‍ വിവരമുണ്ട് - അഥവാ, ഉണ്ടാവണം - അതുകൊണ്ടാനെല്ലോ, അധ്യാപകന്‍ അധ്യാപകന്‍ ആയത്. പക്ഷേ, അധ്യാപകന്‍ മനുഷ്യന്‍ ആണ് - മനുഷ്യര്‍ക്ക്‌ തെറ്റുകള്‍ പറ്റും. അത് ഒരു വിദ്യാര്‍ഥി ചൂണ്ടി കാണിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും ഒരുപോലെ ഗുണകരമാണ്.
  • "ഞാന്‍ വീട്ടില്‍ച്ചെന്ന് പുസ്തകം നോക്കി പഠിച്ചോളാം": പല എഞ്ചിനീയറിംഗ്‌ കലാലയങ്ങളിലും പലരും വെച്ച് പുലര്‍ത്തുന്ന ഒരു ചിന്ത ആണിത് - "എന്തിനു ക്ലാസ്സില്‍ കേറണം - എനിക്ക് വീട്ടില്‍ ചെന്ന് പഠിച്ചു മാര്‍ക്ക്‌ മേടിക്കാന്‍ അറിയാം". ഒരു ക്ലാസ്സില്‍ ഒരു വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച നടത്തുമ്പോള്‍ ആണ് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാവുക. ചര്‍ച്ചകളിലൂടെയും വ്യത്യസ്ത ചിന്താധാരകളുമായി പരിചയപ്പെടുമ്പോഴും ആണ് പുതിയ ആശയങ്ങള്‍ വളരുന്നത് - അങ്ങനെയാണ് ശാസ്ത്രം വികസിക്കുന്നത്. മാര്‍ക്ക്‌ നേടലില്‍ മാത്രമല്ല കാര്യം എന്നത് നമ്മള്‍ മനസ്സിലാക്കണം.
  • നേരമ്പോക്കിനു വരുന്ന അധ്യാപകര്‍: നമ്മുടെ പല കലാലയങ്ങളും (പ്രത്യേകിച്ച് എഞ്ചിനീയറിംഗ് കലാലയങ്ങളില്‍) ഇപ്പോള്‍ വര്‍ധിച്ചു വരുന്ന ഒരു വിഭാഗമാണ് "ഗസ്റ്റ് ലക്ചറര്‍". ഒരു താല്‍കാലിക കോണ്ട്രാക്റ്റ് ആണ് ഇത് എന്നതിനാല്‍ കര്‍ശനമായ ഒരു മേന്മ വിലയിരുത്തല്‍ ഇവരെ നിയമിക്കുമ്പോള്‍ നടക്കുന്നില്ല. അങ്ങനെ കടന്നുകൂടുന്ന പലര്‍ക്കും കലാലയം ഒരു വിശ്രമ കേന്ദ്രമാണ് - പഠനത്തിനും കല്യാണത്തിനും ഇടക്കുള്ള വിശ്രമം ആണ് കൂടുതലും. അങ്ങനെ ഉള്ളവര്‍ നേരമ്പോക്കിനു വന്നതാണ് എന്നത് കൊണ്ട് തന്നെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മടിക്കുന്നു. അങ്ങനെ കാലക്രമേണ അവര്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യം ചോദിക്കാനുള്ള പ്രവണതയെ തന്നെ ഇല്ലാതാക്കുന്നു. ഗസ്റ്റ് ലക്ചറര്‍ എല്ലാവരും മോശം ആണെന്നല്ല, റെഗുലര്‍ അധ്യാപകരില്‍ "നേരമ്പോക്ക്" കാര്‍ ഇല്ലെന്നുമല്ല - ഒരു ഉദാഹരണം മാത്രമാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്.
ഈ പട്ടിക പൂര്‍ണമല്ല - ഒരിക്കലും അങ്ങനെ ആണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. ഇത് വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിരുല്സാഹപ്പെടുതുന്ന ചില പ്രവണതകളെ നിരത്താനുള്ള ഒരു എളിയ ശ്രമം മാത്രം. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു - കമന്റുകള്‍ ആയി.

PS: ഈ ലേഖനത്തില്‍ കൂടുതല്‍ ആയി പുല്ലിംഗം (ഉദാ: അധ്യാപകന്‍) ഉപയോഗിച്ചിരിക്കുന്നത് ഒരു സൗകര്യത്തിനു വേണ്ടി മാത്രം.