ഇപ്പോഴത്തെ നികുതി പങ്കുവെക്കല്‍ എങ്ങനെ?
ഇപ്പോള്‍ പല നികുതികള്‍ ഉള്ളതില്‍ ചിലത് കേന്ദ്രത്തിലേക്ക് പോകുന്നു; മറ്റു ചിലത് സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നു. മൂന്നാമതൊരു തരം നികുതി പിരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആണ് (ഉദാ: പഞ്ചായത്തുകള്‍). നികുതികളുടെ ചില ഉദാഹരണങ്ങള്‍ ഇവിടെ ഉചിതമായിരിക്കും എന്ന് കരുതുന്നു.
കേന്ദ്ര സര്‍ക്കാര്‍: ആദായ നികുതി (ഇന്‍കം ടാക്സ്), സേവന നികുതി, അന്തര്‍ സംസ്ഥാന വില്‍പ്പന നികുതി മുതലായവ.
സംസ്ഥാന സര്‍ക്കാരുകള്‍: വില്‍പ്പന നികുതി, മദ്യത്തിന്മേല്‍ ചുമത്തുന്ന നികുതി മുതലായവ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍: കെട്ടിട നികുതി, തൊഴില്‍ നികുതി, മുതലായവ.
ആദ്യത്തെ ചോദ്യം, എന്തിനാണ് ഇങ്ങനെ ഒരു നികുതി പങ്കുവെക്കല്‍ ഫോര്‍മുല ഉണ്ടാക്കിയെതെന്നാണ്. ഉദാഹരണത്തിന്, വില്‍പ്പന നികുതി എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് പോയിക്കൂടാ?, സേവന നികുതി കേന്ദ്രത്തിന് പോകണം എന്നതിന് പിന്നിലെ ഉദ്ദേശ്യം എന്ത്? എന്നിങ്ങനെ ചോദ്യങ്ങള്‍ ഉണ്ടായേക്കാം. ആരുടെയോ ഇഷ്ടാനിഷ്ടങ്ങള്‍ ആയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. മറ്റെന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ അതറിയുവാന്‍ ഞാന്‍ തീര്‍ച്ചയായും തത്പരനാണ്.
വികേന്ദ്രീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ഈ കാലഘട്ടത്തില്‍ എല്ലാ നികുതികളും പഞ്ചായത്തുകള്‍ക്ക് നല്കിക്കൂടെ?
നികുതി പിരിവിലൂടെയാണ് പൊതു സൌകര്യങ്ങള്‍ പണിയാനും നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സര്‍ക്കാരുകള്‍ പണം കണ്ടെത്തുന്നത്. പഞ്ചായത്തുകള്‍ക്ക് ഒരു ചെറിയ മേഖലയുടെ അധികാരം മാത്രമാണുള്ളത്. അതുകൊണ്ട് വിശാലമായ പോതുസൌകര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടാവാന്‍ വഴിയില്ല. അതുകൊണ്ട് ഒരു ദേശീയ പാത വരണം എങ്കില്‍ ഇങ്ങനെ പൂര്‍ണമായി വികേന്ദ്രീകൃത നികുതി സംവിധാനത്തിലൂടെ അത് സാധ്യമാകാനുള്ള സാധ്യത കുറവാണ്. ഈ പ്രശ്നം മനസ്സിലാക്കാന്‍ എളുപ്പമാണ്.
അതിനേക്കാള്‍ ഉപരി, സ്ഥിതിസമത്വ ചിന്തയിലും സാമൂഹിക നീതിയിലും ഊന്നിയുള്ള ഒരു പ്രശ്നത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. നമുക്ക് ഒരു പ്രത്യേക പഞ്ചായത്തിന്റെ ഉദാഹരണം എടുക്കാം. മരട് ഏറണാകുളം ജില്ലയിലെ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഒരു പഞ്ചായത്താണ്. അവിടെ ശോഭയുടെ ഹൈ ടെക് സിറ്റി വരുന്നു എന്ന് കരുതുക. ആ പദ്ധതി എല്ലാവര്ക്കും അറിയുന്ന പോലെ പതിനായിരക്കണക്കിനു തൊഴിലുകള്‍ സൃഷ്ടിച്ചേക്കാം. അനവധി കെട്ടിടങ്ങള്‍ ആ പദ്ധതിയുടെ ഭാഗമായി ഉയരും. അങ്ങനെ മരടിന്റെ സാമ്പത്തിക നില മെച്ചപ്പെടും. പഞ്ചായത്തിനു കൂടുതല്‍ പണം ലഭിക്കും. പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനം കൂടുതലായി നടക്കും. വികസന പ്രവര്‍ത്തനം മൂലം കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും; അയാള്‍ പഞ്ചായത്തുകളില്‍ നിന്ന് ആളുകള്‍ തൊഴില്‍ തേടി മരടിലെത്തും. അത് വീണ്ടും പഞ്ചായത്തിന്റെ വരുമാനം കൂട്ടും. അയല്‍ പഞ്ചായത്തുകളുടെ വരുമാനം തന്മൂലം കുറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. ഇത് സ്ഥിതിസമത്വ വാദത്തിനു തികച്ചും എതിരാണ് എന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടില്ല. മൈക്രോ ലെവല്‍ നികുതി പിരിവു സാമൂഹിക നീതിക്ക് എതിരാണ് എന്നതാണ് പറഞ്ഞു വരുന്നത്. ചില സ്ഥലങ്ങളെ പുഷ്ടിപ്പെടുതുമെന്കിലും മറ്റു സ്ഥലങ്ങളിലെ പൊതുസൌകര്യങ്ങള്‍ കാലക്രമേണ നാമാവശേഷം ആവാനും (അതുമൂലം, ആ സ്ഥലങ്ങള്‍ വാസയോഗ്യം അല്ലാതെയാകാനും) മതി.
മൈക്രോ തലത്തിലെ നികുതി പിരിവിനും വിനിയോഗത്തിനും തീര്‍ച്ചയായും നല്ല വശങ്ങളും ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ് തലത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുമ്പോള്‍ ആ തീരുമാനങ്ങള്‍ പ്രദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും എന്നത് സ്വാഭാവികം. കൂടാതെ നമ്മുടേത് പോലെ അഴിമതി വ്യാപകമായ സമൂഹത്തില്‍ നികുതി അധികം തലങ്ങളിലൂടെ മുകളിലേക്ക് പോവാത്തതിനാല്‍ അഴിമതി, കാര്യക്ഷമതയുടെ കുറവ് എന്നിവ മൂലമുള്ള നഷ്ടം കുറവായിരിക്കും (കൈക്കൂലി സമ്പ്രദായം ഉണ്ടെങ്കില്‍ തന്നെ വാര്‍ഡ് മേമ്ബെര്‍ക്കും പ്രസിഡന്റിനും മാത്രം കൊടുത്താല്‍ മതിയെല്ലോ).
നികുതി പിരിവു കേന്ദ്ര തലത്തില്‍ മാത്രം ആയാലോ?
അങ്ങനെയുള്ള ഒരു സംവിധാനത്തില്‍ അഴിമതി മൂലമുള്ള പ്രശ്നങ്ങള്‍ വളരെ വ്യക്തമാണല്ലോ; ഒരു കാര്യം സാധിച്ചു കിട്ടനമെന്കില്‍ അങ്ങ് മുകളില്‍ മുതല്‍ ഇങ്ങു വാര്‍ഡ് മെമ്പര്‍ വരെ കൈക്കൂലി നല്‍കേണ്ടി വന്നേക്കാം.
പക്ഷെ, ഇവിടെയും ഒളിഞ്ഞു കിടക്കുന്ന മറ്റൊരു പ്രശ്നം ഉണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ കാര്യം തന്നെയെടുക്കാം. നമ്മള്‍ വിദ്യാഭ്യാസ മേഖലയില്‍ വളരെയധികം മുന്നേറി കഴിഞ്ഞു. പക്ഷേ, ഇതര സംസ്ഥാനങ്ങളില്‍ പലതിലും അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സംവിധാനം പോലുമില്ല. കേന്ദ്രത്തിന്റെ ഉദ്ദേശ്യം രാജ്യത്തു മുഴുവനും പ്രാഥമിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ നടപ്പിലാക്കുക എന്നതായിരിക്കാം. അങ്ങനെ വരുമ്പോള്‍ വിദ്യാഭ്യാസ മേഘലയില്‍ ഉന്നത നിലവാരം കൈവരിച്ച കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ ഗ്രാന്റുകള്‍ കരസ്തമാക്കുന്നതില്‍ പരാജയപ്പെട്ടെക്കാം. "നിങ്ങള്ക്ക് ഇതിന്റെ ആവശ്യമെന്താ? ദാ, വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാഥമിക സൌകര്യങ്ങള്‍ പോലുമില്ല. അപ്പോഴാണ് നിങ്ങള്‍ ഉന്നത സൌകര്യത്തിനു വേണ്ടി ഗ്രാന്റ് ആവശ്യപ്പെടുന്നത്?" എന്ന ചോദ്യം നമ്മുടെ നേതാക്കന്മാര്‍ വളരെയധികം കേള്‍ക്കുന്നുണ്ടാവണം. അങ്ങനെ മുന്‍കാലത്തെ പരിശ്രമം മൂലം ഉന്നത നിലവാരം കൈവരിച്ചതിനു ചിലര്‍ "ശിക്ഷ" അനുഭവിക്കേണ്ടി വന്നേക്കാം. നമ്മള്‍ കൂടി കൊടുക്കുന്ന നികുതിയുടെ ഒരു പങ്കു നമ്മുടെ പഴയ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി നമുക്ക് തന്നെ നിഷേധിക്കുന്നു. ഇത് അത്ര സുഖകരമല്ല എന്ന് പറയേണ്ടതില്ലെല്ലോ. ഓരോ ധനകാര്യ കമ്മീഷന്‍ വരുമ്പോഴും നമ്മുടെ പത്രങ്ങളില്‍ നിറയുന്നത് ഈ തരം വാദങ്ങളാണ്.
കേന്ദ്ര തലത്തില്‍ നികുതി പിരിക്കുന്നതിലൂടെ നേരത്തെ കണ്ട സമ്പത്ത് ചില ഗ്രാമങ്ങളില്‍ മാത്രം കുമിഞ്ഞു കൂടുന്ന പ്രതിഭാസം ഒഴിവാക്കാന്‍ സാധിക്കും എന്നത് നല്ലത് തന്നെ.
നികുതി പിരിവു മുഴുവനായി കേന്ദ്രത്തില്‍ നിന്നാവുന്നതും പഞ്ചായത്തില്‍ നിന്നാവുന്നതും ആയ രണ്ടു സംവിധാനങ്ങള്‍ക്കും അവയുടേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നു ചുരുക്കം. അതുകൊണ്ടാണ് നികുതിവരുമാനം കേന്ദ്രവും സംസ്ഥാനവും ഒരു നിശ്ചിത അളവില്‍ പങ്കുവെക്കുന്നത്. ആ നിശ്ചിത തോത് ശരിയാണോ എന്നതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ, രണ്ടു എക്സ്ട്രീമുകളും പ്രാവര്‍ത്തികമല്ല എന്നത് വ്യക്തമാണ്.
ചരക്കു സേവന നികുതി കൊണ്ട് കേരളത്തിനെന്തു പ്രയോജനം?
കേരളത്തില്‍ കൂടുതലായി വളര്‍ന്നു കൊണ്ടിരിക്കുന്നത് സേവന മേഖല ആണ്; ഇതില്‍ ടൂറിസം, ഐ ടി എന്നിവ ഉള്‍പ്പെടും. പക്ഷെ, സേവന നികുതി ഒരു കേന്ദ്ര നികുതി ആകയാല്‍, കേരള സര്‍ക്കാരിന് ഈ സേവന മേഖലകളുടെ വളര്‍ച്ചയില്‍നിന്ന് കൂടുതല്‍ വരുമാന നികുതി ലഭിക്കുന്നില്ല. ചരക്കു സേവന നികുതിയുടെ പരിധിയില്‍ സേവന നികുതി വരികയും, ചരക്കു സേവന നികുതി കേന്ദ്രവും സംസ്ഥാനവും പങ്കുവെയ്ക്കുകയും ചെയ്യുകയാണെങ്കില്‍ കേരളത്തിന് സ്വാഭാവികമായും സേവന മേഖലയുടെ ഈ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍നിന്ന് കൂടുതല്‍ ഗുണം ലഭിക്കും (നികുതി വരുമാനം ആയി). നേരത്തെയുള്ള നികുതി സംവിധാനം സേവന മേഖലയില്‍ തിളങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് എതിരായിരുന്നു; ഇതാണ് ഇപ്പോള്‍ ഈ ഏകീകൃത ചരക്കു സേവന നികുതിയിലൂടെ പരിഹരിക്കപ്പെടുന്നത്.
No comments:
Post a Comment