അടുത്തിടെയായി ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ ഒട്ടനവധി രൂപങ്ങളില്‍ ഈ ചോദ്യം ഞാന്‍ കേള്‍ക്കുകയുണ്ടായി. ചില വകഭേദങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
൧. ഓഫീസിലെ ഒരു സഹപ്രവര്ത്തകന്: "ഞാന്‍ ഒരു വാഷിംഗ് മെഷീന് വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നു. പക്ഷേ, ഒരു പ്രശ്നം എന്നെ അലട്ടുന്നു. മെഷീന് വാങ്ങുന്നതോടെ വീട്ടില്‍ വരുന്ന ജോലിക്കാരിയുടെ ജോലി കുറയും; അതിനനുസരിച്ച് അവരുടെ ശമ്പളം കുറക്കേണ്ടി വരും. അത് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും."
൨. ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്ന മറ്റൊരാള്‍: "ഓരോ വര്‍ഷവും നമ്മള് കൂടുതല്‍ കൂടുതല്‍ യന്ത്രവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്നു (കമ്പ്യൂട്ടര്‍ സയന്‍സ് ഗവേഷകര്‍ എന്ന നിലക്ക്). യന്ത്രവല്കരണം മനുഷ്യന്റെ ജീവിതത്തിനെ നല്ല രീതിയില്‍ ബാധിക്കുന്നു എന്ന് തോന്നുന്നില്ല. പക്ഷേ, കമ്പനികള്‍ക്ക് യന്ത്രവല്‍ക്കരണം ലാഭകരം ആണ്. അതുകൊണ്ട്, അത് തുടരുന്നു. ഇതിനു ഒരു അവസാനമുണ്ടോ? ഇങ്ങനെ പോയാല്‍ എങ്ങനെയാണ് ഇതവസാനിക്കുക".
മനുഷ്യന് ചെയ്യുന്ന തൊഴിലുകള്‍ കൂടുതലായി യന്ത്രങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ എന്ത് സംഭവിക്കും, എന്നതാണ് ഇതിന്റെ ഇതിവൃത്തം. മനുഷ്യര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ അതുമൂലം തൊഴില്‍ രംഗത്ത് പ്രതിസന്ധി ഉണ്ടാകുമോ? അതോ അതിനനനുസരിച്ചു കൂടുതല്‍ പുതിയ തൊഴിലുകള്‍ ഉണ്ടാകുന്നുണ്ടോ?
ഞാന്‍ ഉള്‍പ്പെടുന്ന എഫ് ഇ സി എന്ന ഇന്റര്‍നെറ്റ് ചര്‍ച്ചാവേദിയില്‍ ഞങ്ങള്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. അതില്‍ ഇതിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ ഉണ്ടായി. അതില്‍ ഉന്നയിക്കപ്പെട്ട ചില വീക്ഷണങ്ങള്‍ വളരെ ഉപയോഗപ്രദമായി തോന്നി. ആ അഭിപ്രായങ്ങള്‍ ഉള്‍പ്പടെയുള്ളവ ഇതിലൂടെ പങ്കുവെക്കാനാണ് ഞാന്‍ ഇതെഴുതുന്നത്. ആദ്യമായി ഈ വിഷയത്തില്‍ ഗൌരവതരമായ ഒരു ചര്‍ച്ച ഞാന്‍ കാണുന്നത് എഫ് ഇ സി യിലാണ് - അതുകൊണ്ട് തന്നെ ഈ പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചതില്‍ പ്രധാനമായും എഫ് ഇ സി അങ്ങങ്ങള്‍ക്ക് തന്നെയാണ് ഞാന്‍ നന്ദി പറയേണ്ടത്.
ആദ്യമായി ഇംഗ്ലീഷ് ചരിത്രത്തില്‍ നിന്ന് ഒരു കഥ: ലുടടിറ്റ്
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യകാലം. ഇന്ഗ്ലെണ്ടില്‍ തകൃതിയായി വ്യവസായവല്‍ക്കരണം നടക്കുന്ന കാലം. കൈത്തറി മേഖലയിലും വന്നു യന്ത്രങ്ങള്‍. കൈത്തറി മേഖലയില്‍ വന്ന യന്ത്രങ്ങള്‍ മനുഷ്യര്‍ ചെയ്തിരുന്ന പല ജോലികളും ഏറ്റെടുക്കാന്‍ പോന്നവയായിരുന്നു. ആ മേഖലയില്‍ ധാരാളം തൊഴിലുകള്‍ നഷ്ടപ്പെട്ടു. കൈത്തറിയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ മാത്രം അറിയാവുന്ന പലരും തെരുവുകളിലേക്ക് തള്ളപ്പെട്ടു. യന്ത്രവല്‍കൃത കൈത്തറി മില്ലുകല്ക്കെതിരെ അക്രമാസക്തമായ സമരങ്ങള്‍ നടത്തിയവരാണ് ലുടടിറ്റുകള് എന്ന പേരില്‍ അറിയപ്പെടുന്നത്. അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
വിക്കിപീഡിയയില്‍ ലഭിക്കും. ഈ ഒരു പ്രശ്നത്തില്‍ രണ്ടു വിധം അഭിപ്രായങ്ങള്‍ ഒണ്ടാവാം.
൧. യന്ത്രവല്‍ക്കരണം മനുഷ്യരാശിക്ക് പൊതുവേ നല്ലതായതുകൊണ്ട് ലുടടിറ്റുകള് പിന്തിരിപ്പന്മാരാണ്.
൨. തൊഴില്‍നഷ്ടം മുന്കൂട്ടിക്കാനാന് സാധിക്കാത്തതുകൊണ്ട് തൊഴില്നഷ്ടപ്പെട്ടവന്റെ വേദനയാണ് അവരുടെ പ്രവൃത്തികളില്‍ നിഴലിക്കുന്നത്.
മിക്കവാറും ആളുകള്‍ ആദ്യത്തെ നിലപാടെടുത്താല്‍ ഒട്ടും അത്ഭുതപ്പെടെണ്ട. കാരണം മൊത്തത്തില്‍ നോക്കുമ്പോള്‍ അതാണ് ശരിയെന്നു തോന്നും. വ്യവസായവല്‍ക്കരണം പൊതുവേ മനുഷ്യരാശിക്ക് നല്ലതാണ് എന്നാണു നമ്മള് കാലാകാലങ്ങളായി മനസ്സിലാക്കി പോന്നിട്ടുള്ളത്. പക്ഷേ, ഈ പ്രക്ഷോഭകാരികളുടെ ഭാഗത്ത് നിന്നൊന്നു ചിന്തിച്ചുനോക്കിയാല്‍ അനേകം ചോദ്യങ്ങള്‍ ഉയരും.
൧. അവര്‍ക്ക് തങ്ങള്‍ ചെയ്യുന്ന ജോലി ക്രമേണ യന്ത്രവല്ക്കരിക്കപ്പെടുമെന്നു മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നോ?
൨. അങ്ങനെ എളുപ്പം യന്ത്രവല്‍ക്കരിക്കാന്‍ സാധിക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെ നേരത്തെ കണ്ടെത്തി മുന്നറിയിപ്പ് നല്കാന് സാധിക്കുമായിരുന്നോ?
എങ്ങനെയൊക്കെ ചിന്തിച്ചാലും ചില കാര്യങ്ങള്‍ വ്യക്തമാണ്. കൈത്തറിമേഖലയില്‍ മാത്രം അവര്‍ പ്രാവീണ്യം നേടിയത് അവരുടെ കുറ്റമല്ല - അന്നെത്തെ വ്യവസ്ഥിതിയില്‍ അതാവശ്യമായിരുന്നു. കൈത്തറി മേഖലയില്‍ യന്ത്രവല്‍ക്കരണം വരുന്നുണ്ടോ എന്ന് മനസ്സിലാക്കിയിരിക്കാന്‍ അവര്‍ ശാസ്ത്രഞ്ജര്‍ അല്ല; സാങ്കേതിക വിദഗ്ധരും അല്ല. ആകെയുള്ള ഒരു തൊഴില്നഷ്ടപ്പെടുമ്പോള് ഇല്ലാതാകുന്നത് അവരുടെ ജീവന മാര്‍ഗമാണ്; ഭക്ഷണത്തിനുള്ള ആകെയുള്ള ഒരു വഴി പെട്ടെന്ന് കൊട്ടിയടക്കപ്പെടുമ്പോള്‍ ആളുകള്‍ സമചിത്തതയോടെ പ്രതികരിക്കണം എന്നില്ല.
ഇംഗ്ലീഷ് ചരിത്രത്തിലെ ഈ പ്രശ്നങ്ങള്‍ക്ക് നമ്മുടെ തന്നെ നാട്ടില്‍ നടന്നിട്ടുള്ള ട്രാക്ടര്‍ വിരുദ്ധ, കമ്പ്യൂട്ടര്‍ വിരുദ്ധ സമരവുമായി ഒരു ചെറിയ ബന്ധം ഉണ്ടെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.
ഇപ്പോള്‍ ഈ വിഷയത്തിന്റെ പ്രസക്തി.
തൊണ്ണൂറുകളിലെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റം നിമിത്തം തൊഴിലുകള്‍ ധാരാളമായി വികസ്വര രാജ്യങ്ങളിലേക്ക് വരുന്നു; കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തൊഴിലുകളുടെ കാര്യമാണ് ഇത്. ഈ വക തൊഴിലുകളില്‍ പലതും അടുത്ത കുറച്ചു വര്‍ഷങ്ങളിലായി യന്ത്രവല്ക്കരിക്കപ്പെടാന് സാധ്യതയുള്ളവയാണ്. ഉത്തമ ഉദാഹരണം കാള്‍ സെന്റര്‍ പോലെയുള്ള ജോലിസ്ഥലങ്ങളിലെ ജോലികള്‍.
വികസ്വര രാജ്യങ്ങളില്‍ പൊതുവേ ജനസംഖ്യ വര്‍ധിച്ചുവരുന്നു; അതിനനുസരിച്ച് തൊഴിലുകള്‍ വര്‍ധിക്കുന്നുണ്ടോ എന്നറിയില്ല. വര്ധിക്കുന്നില്ലാത്തതിനാലാവണം തൊഴിലില്ലായ്മ പെരുകുന്നു. വര്‍ധിക്കുന്ന തൊഴിലില്ലായ്മ എന്നാ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടം കൂടുതല്‍ പ്രശ്നകരമാണ് എന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്.
എന്താണ് ഒരു പരിഹാരം; അതോ പരിഹാരം ഉണ്ടോ?
തൊഴില്‍ നഷ്ടത്തിന് കാരണം പലതുമാകാം. സാങ്കേതികവിദ്യയിലെ മുന്നേറ്റം മൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങളുടെ കാര്യമാണ് ഈ ലേഖനത്തിന്റെ വിഷയം. (ഉദാ: ഫിലിപ്പീന്‍സ് പോലെയുള്ള രാജ്യങ്ങളിലേക്ക് നഷ്ടപ്പെടുന്ന തൊഴിലുകള്‍, മുതലയാവ തൊഴില്‍ നഷ്ടങ്ങള്‍ അല്ല; തൊഴിലിന്റെ ഒരു പറിച്ചുനടീല്‍ മാത്രമാണ് - അതുകൊണ്ട് അത് നമ്മള് ഇവിടെ കണക്കിലെടുക്കുന്നില്ല).
ഒരുദാഹരണം ഈ അവസരത്തില്‍ ഉചിതമായിരിക്കും എന്ന് തോന്നുന്നു; കാള്‍ സെന്റെരിലേക്ക് നമ്മള് ഒരു പ്രശ്നപരിഹാരത്തിനായി വിളിക്കുമ്പോള്‍ ആദ്യം ഒരാള്‍ പ്രശ്നമെന്തെന്നു ചോദിച്ചു മനസ്സിലാക്കും - അതിനു ശേഷം ആ പ്രശ്നം കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ളവര്‍ക്ക് അത് കൈമാറും. പ്രശ്നം ചോദിച്ചു മനസ്സിലാക്കി വിദഗ്ധനു കൈമാറുന്ന ജോലി ഇന്ന് യന്ത്രങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ന് പലപ്പെഴും കാള്‍ സെന്റര്‍ കാളുകള്‍ ആദ്യം കൈകാര്യം ചെയ്യുന്നത് യന്ത്രങ്ങള്‍ ആണ് - അവ നിങ്ങളോട് നിങ്ങളുടെ പ്രശ്നത്തിന്റെ സ്വഭാവം ചോദിച്ചു മനസ്സിലാക്കുന്നു (ഉദാ: ബില്ലുമായി ബന്ധപ്പെട്ട പ്രശ്നമാണെങ്കില്‍ ഒന്ന് അമര്‍ത്താന്‍ നിര്‍ദേശിക്കുന്നു, അതല്ല സേവനവുമായി ബന്ധപ്പെട്ട പ്രശ്നം ആണെങ്കില്‍ രേണ്ട് അമര്‍ത്താന്‍ നിര്‍ദേശിക്കുന്നു), എന്നിട്ട് അതനനുസരിച്ചു അവ തന്നെ വിദഗ്ധര്‍ക്ക് ആ കാള്‍ തിരിച്ചു വിടുന്നു. ഈ സാങ്കേതികവിദ്യ വരുന്നതിലൂടെ നഷ്ടപ്പെടുന്നത് "പ്രശ്നം ചോദിച്ചു മനസ്സിലാക്കി കാള്‍ തിരിച്ചു വിടുക" എന്ന തൊഴില്‍ ആണ്. ഇത് ഒരു ഉദാഹരണം മാത്രം; സാങ്കേതിക മുന്നേറ്റങ്ങള്‍ പൊതുവേ യന്ത്രവല്‍ക്കരണത്തില്‍ ഊന്നിയുള്ളതാകയാല്‍ ഇതുപോലെയുള്ള നിരവധി സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്കും പരിചിതമായിരിക്കും.
കമ്പനികള്‍ക്ക് ഈ വക സാങ്കേതികവിദ്യകള്‍ ഒഴിവാക്കാന്‍ സാധിക്കയില്ല (അവ ഒഴിവാക്കപ്പെടെണ്ടവ അല്ല താനും). എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ തങ്ങളുടെ ലാഭം മെച്ചപ്പെടുത്തുവാന്‍ സാധിക്കുന്നു (കുറച്ചു പേര്‍ക്ക് ശമ്പളം കൊടുക്കുന്നത് കുറയുന്നതിലൂടെ). ഒരു സമൂഹം എന്നാ നിലയില്‍ നമുക്ക് തൊഴില്‍ നഷ്ടങ്ങള്‍ പക്ഷെ പ്രശ്നകരമാണ്. ഇതിനുള്ള പരിഹാരമാണ് നമ്മള് തേടുന്നത്.
തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ വെറുതെ ശമ്പളം കൊടുത്തു വിരമിക്കാനുള്ള പ്രായം ആകുന്നതു വരെ നിലനിര്‍ത്തുക എന്നത് ഒരു പരിഹാരമല്ല; കാരണം അവരുടെ വിരമിക്കല്‍ ആകുമ്പോള്‍ ആ ഒഴിവുകള്‍ നികത്തുകയില്ല എന്നതുകൊണ്ട് തന്നെ, തൊഴില്‍ നഷ്ടം നീട്ടിക്കൊണ്ടുപോകാന്‍ മാത്രമേ ഈ നടപടി ഉപകരിക്കുന്നുള്ളൂ.അതിനേക്കാള്‍ ഉപരി, തൊഴില്‍ ഇല്ലാതെ ശമ്പളം നല്‍കുന്നത് ഉത്പാദനക്ഷമത വര്‍ധിപ്പിക്കില്ല എന്നത് വളരെ എളുപ്പം മനസ്സിലാക്കാവുന്നതാണ്. നോക്കുകൂലി പോലെയുള്ള പ്രസ്ഥാനങ്ങളുമായി ഈ നടപടിക്കുള്ള ബന്ധം മനസ്സിലാക്കാന്‍ അധികം മുഷിയേണ്ടി വരില്ല.
പെട്ടെന്നുണ്ടാകുന്ന തൊഴില്നഷ്ടങ്ങള് സമൂഹത്തിനു ഹാനികരമാണ്; കാരണം അവ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം തകര്‍ക്കുന്നു. അതൊഴിവാക്കണം എന്നത് വ്യക്തമാണ്; അതേസമയം യന്ത്രവല്‍ക്കരണം ഒഴിവാക്കാനും സാധിക്കില്ല. ഈ സാഹചര്യത്തെ നേരിടാന്‍ പലരും വഴി കേട്ട നിര്‍ദേശങ്ങളില്‍ ചിലത് (എഫ്. ഇ. സി യിലൂടെയും അല്ലാതെയും) എനിക്ക് നല്ലതായി തോന്നി. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
൧. സര്‍ക്കാരുകള്‍ തൊഴില്‍ നഷ്ടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, ഐ വി ആര് (ഓടോമാട്ടിക് വോയിസ് റെസ്പോണ്‍സ്) മുതലായ സാങ്കേതിക വിദ്യ ലോകത്ത് വ്യാപകമാകുമ്പോള്‍ ചില തൊഴിലുകള്‍ നഷ്ടപ്പെടും എന്ന് മനസ്സിലാക്കാന്‍ എളുപ്പമാണ്. സാങ്കേതിക മുന്നേറ്റങ്ങള്‍ മുന്‍കൂട്ടി കാണാനും, അതിലൂടെ നഷ്ടപ്പെടുന്ന തൊഴിലിന്റെ എണ്ണം തിട്ടപ്പെടുത്താനും, ആ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ പറ്റുന്ന മേഖലകള്‍ എന്തൊക്കെ എന്ന് മനസ്സിലാക്കാനും സാങ്കേതിക വിദഗ്ധരുടെയും സാമ്പത്തിക വിദഗ്ധരുടെയും ഒരു പാനല്‍ ഏര്‍പ്പെടുത്തുക. അവരുടെ നിര്‍ദേശങ്ങള്‍ പരസ്യമാക്കുകയും പൊതുചര്‍ച്ചക്ക് വിധേയമാക്കുകയും വേണം.
൨. സാങ്കേതിക മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക ബാധ്യതയുടെ വില സാങ്കേതിക വിദ്യ കൊണ്ടുവരുന്നവര്‍ തന്നെ നല്‍കുക. ആ കാള്‍ സെന്ററിന്റെ കാര്യം തന്നെയെടുക്കാം; തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളിക്ക് മറ്റു അനുബന്ധ തൊഴിലുകളിലേക്ക് മാറാന്‍ എളുപ്പം സാധിക്കയില്ല. അതിനു പ്രത്യേകം പരിശീലനം ആവശ്യമാണ്. മാത്രമല്ല, ആ പരിശീലനത്തിനു ശേഷം തൊഴില്‍ ലഭിക്കാന്‍ സമയം എടുത്തെന്നും വരാം. അതുകൂടാതെ തൊഴില്‍ നഷ്ടപ്പെടുന്നതിലൂടെയുണ്ടാകുന്ന മാനസിക വിഷമം വേറെ ഒരു വശത്ത്. ഇതെല്ലാം കൂടി ചേര്‍ത്ത് ഒരു വില നിശ്ചയിക്കാം; ആ വില ആ നൂതന സാങ്കേതികവിദ്യയുടെ ചിലവില്‍ തന്നെ ഉള്‍പ്പെടുത്തണം. ആ വില ഈ സാങ്കേതിക വിദ്യ കൊണ്ട് വരുന്ന കമ്പനി നഷ്ടപരിഹാരമായി നല്‍കണം. പക്ഷേ, ഈ നിര്‍ദേശം പ്രായോഗികം ആണോ എന്നത് ചിന്തനീയമാണ്. കാരണം സ്വകാര്യ കമ്പനികള്‍ ഇങ്ങനെ ഒരു നഷ്ടപരിഹാരം നല്കാന് തയ്യാറാവുകയില്ല; ഇങ്ങനെ ഒരു നഷ്ടപരിഹാരം നല്‍കേണ്ടത് കമ്പനികളുടെ ബാധ്യതയാണ് എന്ന് നമ്മള് നിയമത്തിലൂടെ നിര്‍ബന്ധമാക്കാന്‍ ശ്രമിച്ചാല്‍ കമ്പനികള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് പോയെന്നും വരാം. പക്ഷേ, ഇങ്ങനെയുള്ള നഷ്ടപരിഹാരം നല്കാന് പൊതുമേഖല സ്ഥാപനങ്ങളെ നിര്‍ബന്ധിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.
൩. തൊഴില്‍ നഷ്ട ഫണ്ട്. ഇന്ന് പലര്‍ക്കും തൊഴില്‍ നഷ്ടം എന്ന ഭീതിയുണ്ട്; കുറഞ്ഞ വേതനം മാത്രമാണ് ഉള്ളതെങ്കിലും തൊഴില്‍ സുരക്ഷക്ക് വേണ്ടി സര്‍ക്കാര്‍ മേഖലയിലെ താഴ്ന്ന ജോലികള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം പെരുകുന്നു. ഈ പോതുഭീതിയെ നമുക്ക് ഇന്‍ഷുറന്‍സ് മേഖലയുടെ അതെ തത്വതിലൂടെ നേരിടാന്‍ ശ്രമിക്കാം. ഒരാളുടെ തൊഴിലിനനുസരിച്ച് (അതിലെ യന്ത്രവല്ക്കരനത്തിനുള്ള സാധ്യത അനുസരിച്ച്) നമുക്ക് ഒരു "പ്രീമിയം" തുക നിശ്ചയിക്കാം; തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ പുനരധിവാസത്തിനുള്ള തുക ആ ഫണ്ടില്‍നിന്നു നല്‍കണം. ഇത് യഥാര്‍ത്ഥത്തില്‍ തൊഴില്‍ ഇന്‍ഷുറന്‍സ് തന്നെയാണ്; പക്ഷേ, യന്ത്രവല്‍ക്കരണം മാത്രം നമ്മള് നേരിടാന്‍ ഉദ്ദേശിക്കുന്നത് കൊണ്ട് തൊഴില്‍ നഷ്ടം യന്ത്രവല്‍ക്കരണം കാരണം ആണെന്ന് കാണിക്കാന്‍ രേഖകള്‍ വല്ലതും നിര്‍ബന്ധമാക്കേണ്ടി വരും എന്ന് മാത്രം.
൪. നികുതിയിളവുകള്‍ പരിമിതപ്പെടുത്തല്‍. ഒരു കമ്പനി ഒരു സാങ്കേതികവിദ്യ പുതുതായി ഉപയോഗിച്ച് തുടങ്ങുന്നതിലൂടെ നൂറു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്നിരിക്കട്ടെ. ആ കമ്പനിക്ക് ഒരു പുതിയ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു ആ നൂറു പേര്‍ക്ക് അവിടെ തൊഴില്‍ നല്കാന് സാധിക്കും. അതാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉചിതവും; കാരണം തൊഴില്‍ നഷ്ടം അതേ തൊഴില്‍ ദാതാവിന്റെ മറ്റൊരു തൊഴില്‍ സൃഷ്ടിയിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നു (യാതൊരു സാമൂഹിക പ്രശ്നവുമില്ലാതെ). നമ്മള് പല കമ്പനികള്‍ക്കും പല നികുതിയിളവുകള്‍ നല്കുന്നു; നഷ്ടപ്പെടുന്ന തോഴിലുകള്ക്ക് പകരം തൊഴില്‍ സൃഷ്ടിക്കാത്ത കമ്പനികള്‍ക്ക് ഈ നികുതിയിളവുകള്‍ നല്‍കുന്നത് കുറയ്ക്കാവുന്നതാണ്. തീര്‍ച്ചയായും അത്തരം നടപടികള്‍ നമ്മുടെ സംസ്ഥാനത് വരുന്ന കമ്പനികളുടെ എണ്ണം കുറച്ചേക്കാം (അതും നമ്മള് തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതുണ്ട്).
ഇവ കൂടാതെ താങ്കള്‍ക്ക് എന്തെങ്കിലും വേറെ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ എഴുതുക; കമെന്റിലൂടെയായാലും മതി. അതും ഇവിടെ ചേര്‍ക്കാന്‍ ഞാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കുന്നതായിരിക്കും. മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ക്ക് ഉള്ള പരിമിതികള്‍ ചൂണ്ടിക്കാണിക്കുന്നതും ഉപകാരപ്രദമായിരിക്കും.