Saturday, August 14, 2010

തിരു കൊച്ചിയും ഇതര സര്‍വീസുകളും - എന്തിനീ തിടുക്കം

തിരു കൊച്ചി എന്നത് ഈയിടെ തുടങ്ങിയ കെ എസ് ആര്‍ ടി സി യുടെ നഗര സര്‍വീസ്‌ ആണ്. ഏറണാകുളം നഗരത്തില്‍ ഇതുവരെ സിറ്റി സര്‍വീസ്‌ നടത്തിയിരുന്നത് സ്വകാര്യ ബസ്സുകള്‍ മാത്രം ആയിരുന്നു. അതുകൊണ്ട് തന്നെ കൊച്ചിക്കാര്‍ക്ക് ഈ കെ എസ്‌ ആര്‍ ടി സി സര്‍വീസ്‌ ഒരു പുതുമയുള്ള കാര്യമാണ്. ഒരു ഏറണാകുളം നിവാസി എന്ന നിലയില്‍ ഞാന്‍ ഈ പുതിയ സര്‍വീസിനെ ഇഷ്ടപ്പെടുന്നു - കൂടുതല്‍ ബസ്‌ സര്‍വീസുകള്‍ യാത്ര ദുരിതം കുറയ്ക്കും എന്നുള്ളതുകൊണ്ട് മാത്രം (ഒരു സാധാരണ യാത്രക്കാരന്‍ എന്ന നിലയില്‍ എനിക്ക് ചുവന്ന ബസ്സും കെ എസ്‌ ആര്‍ ടി സി ബസ്സും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല). പക്ഷെ, ഇതിലുപരി സ്വകാര്യ ബസ്സും കെ എസ്‌ ആര്‍ ടി സി ബസ്സും തമ്മില്‍ വലിയ അന്തരമുണ്ട്.

കെ എസ്‌ ആര്‍ ടി സി: കെ എസ്‌ ആര്‍ ടി സി ഒരു സര്‍ക്കാര്‍ സ്ഥാപനം ആണ്. പൊതുസ്വത്താണ് കെ എസ്‌ ആര്‍ ടി സി ഈ സര്‍വീസുകള്‍ നടത്താനായി ഉപയോഗിക്കുന്നത്. മാത്രമല്ല, റൂട്ടുകള്‍ക്കുള്ള പെര്‍മിറ്റുകള്‍ കൊടുക്കുന്നത് സര്‍ക്കാര്‍ ആകയാല്‍ കെ എസ്‌ ആര്‍ ടി സി ക്ക് പുതിയ റൂട്ടുകളില്‍ സര്‍വീസ്‌ തുടങ്ങാന്‍ എളുപ്പം ആണ്. റൂട്ടുകള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ ലാഭം എന്നതിനെക്കാളും സാമൂഹിക നീതി എന്ന കടഘവും കെ എസ്‌ ആര്‍ ടി സി പരിഗണിക്കും എന്ന് പൊതുജനം പ്രതീക്ഷിക്കുന്നു.

സ്വകാര്യ (ചുവന്ന) ബസ്സ്‌: ഇവ സ്വകാര്യ വ്യക്തികളുടെതാണ്. അതുകൊണ്ട് ലാഭം മാത്രമാണ് ലക്‌ഷ്യം.

എന്തുകൊണ്ട് കെ എസ്‌ ആര്‍ ടി സി നഗര സര്‍വീസുകള്‍ നടത്തണം?

കെ എസ്‌ ആര്‍ ടി സി അയ്യായിരം ബസ്സുകള്‍ ഓടിക്കുന്നുണ്ട് എന്നാണു കണക്ക്. അതേസമയം കേരളത്തില്‍ ഓടുന്ന സ്വകാര്യ ബസ്സുകളുടെ എണ്ണം ഇരുപതിനായിരത്തില്‍പരം ആണത്രേ. സ്വകാര്യ ബസ്സുകള്‍ നടത്തുന്ന മുതലാളിമാര്‍ ലാഭം ഉള്ള റൂട്ടുകള്‍ മാത്രമേ തിരഞ്ഞെടുക്കു എന്നത് വ്യക്തമാണ് - അതല്ല, തിരഞ്ഞെടുത്ത റൂട്ട് നഷ്ടം ആണെങ്കില്‍, അവര്‍ നിര്‍ത്തി വേറെ പനിക്ക് പോവുകയും ചെയ്യും. അങ്ങനെ കേരളത്തില്‍ ഇരുപതിനായിരത്തില്‍പരം ബസ്സുകള്‍ ഓടാനുള്ള ലാഭകരമായ റൂട്ടുകള്‍ ഉണ്ടെന്നു വ്യക്തം.

അതേസമയം, നമ്മുടെ കെ എസ്‌ ആര്‍ ടി സി നഷ്ടത്തില്‍ ആണ്. കാലാകാലങ്ങള്‍ ആയി. ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ടാവാം.

൧. കെ എസ്‌ ആര്‍ ടി സി ശമ്പളയിനത്തില്‍ സ്വകാര്യ ബുസ്സുകലെക്കാള്‍ കൂടുതല്‍ ചിലവഴിക്കുന്നു. അതുകൊണ്ട് സ്വകാര്യ ബസ്സുകള്‍ക്ക്‌ ലാഭം ഉണ്ടാക്കാവുന്ന റൂട്ടുകളില്‍ പോലും കെ എസ്‌ ആര്‍ ടി സി ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയുന്നില്ല.

൨. കെ എസ്‌ ആര്‍ ടി സി ഓടിക്കുന്നത് തിരക്ക് കുറഞ്ഞ ലാഭകരം അല്ലാത്ത റൂട്ടുകളില്‍ ആയിരിക്കാം. സാമൂഹിക നീതി എന്നാ മാനദണ്ഡം വെച്ച്, ഈ സര്‍വീസുകള്‍ ഒഴിവാക്കാന്‍ ആവാത്തതാണ്.

ആദ്യത്തെ കാരണം നിമിത്തം നഷ്ടതിലാകുന്ന രൂട്ടുകളെ നമുക്ക് തല്‍ക്കാലം മാറ്റി നിര്‍ത്താം. എന്നിട്ട്, രണ്ടാമത്തെ കാരണം മൂലം നഷ്ടതിലാകുന്ന രൂട്ടുകളെ മനസ്സിലാക്കാന്‍ ശ്രമിക്കാം. തീര്‍ച്ചയായും കെ എസ്‌ ആര്‍ ടി സി ക്ക് ലാഭകരം അല്ലാത്ത റൂട്ടുകള്‍ ഒഴിവാക്കാനാവില്ല - ഒരു സര്‍ക്കാര്‍ സ്ഥാപനം സാമൂഹിക നീതിക്ക് വില കല്പ്പിക്കണം. അപ്പോള്‍, അത്രെയധികം ലാഭകരം ആയ റൂട്ടുകള്‍ സ്വകാര്യ ബസ്സുകള്‍ക്ക്‌ വിട്ടുകൊടുത്തു സാമൂഹിക നീതിക്ക് വേണ്ടി ലാഭകരം അല്ലാത്ത റൂട്ടുകള്‍ കൂടുതലായി ഓടിക്കുന്നതിന്റെ യുക്തി എന്താണ്. കെ എസ്‌ ആര്‍ ടി സി നഷ്ടത്തില്‍ ആയാല്‍, നഷ്ടപ്പെടുന്നത് പൊതുജനത്തിന്റെ കാശാണ്. ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വിട്ടുകൊടുത്തു പൊതുജനത്തിന്റെ പണം കളഞ്ഞു നഷ്ടം സഹിക്കേണ്ട കാര്യം കെ എസ്‌ ആര്‍ ടി സി ക്ക് ഉണ്ടോ?

അതുകൊണ്ട് കെ എസ്‌ ആര്‍ ടി സി യെ ലാഭത്തിലാക്കാന്‍ നഷ്ടം നികത്താന്‍ ഉതകുന്ന തരത്തില്‍ സ്വകാര്യ ബസ്സുകള്‍ ഓടുന്ന റൂട്ടുകള്‍ കെ എസ്‌ ആര്‍ ടി സി ഏറ്റെടുക്കുക എന്നത് തന്നെയാണ് നല്ല നയം എന്ന് തന്നെയാണ് കരുതേണ്ടത്. ഈ അര്‍ത്ഥത്തില്‍ തിരു കൊച്ചി സര്‍വീസും അടുത്തിടെ തുടങ്ങിയ തൃശൂര്‍ നഗര സര്‍വീസും നല്ല കാര്യം തന്നെയാണ്.

തിരു കൊച്ചിയുടെ വരവും അനുബന്ധ പ്രശ്നങ്ങളും

തിരു കൊച്ചി സര്‍വീസ്‌ തുടങ്ങിയ ദിവസത്തിലേക്ക് തിരിച്ചു പോവുക. അതിനു തലേന്ന് വരെ കേരളത്തിലെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഞാന്‍ കേട്ടിട്ടുപോലുമില്ല ഈയൊരു സര്‍വീസിനെ കുറിച്ച്. മറ്റുള്ളവരുടെ കാര്യവും ഇത് തന്നെയാണെന്ന് ഞാന്‍ കരുതുന്നു. നൂറ്റിയമ്പതോളം ബസ്സുകള്‍ ആണ് നിരത്തില്‍ പെട്ടെന്ന് ഇറങ്ങിയത് - കൊച്ചി നഗരത്തില്‍. ഇതിനു ശേഷം അനവധി സംഭവങ്ങള്‍ ഉണ്ടായി - കൊച്ചി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും. കെ എസ് ആര്‍ ടി സി സര്‍വീസ്‌ നടത്തുന്ന റൂട്ടുകളില്‍ കെ എസ ആര്‍ ടി സി യുടെ വരുമാനം കുറയ്ക്കാനുള്ള സ്വകാര്യ ബസ്‌ ഉടമകളുടെ തന്ത്രങ്ങള്‍ പല പ്രശ്നങ്ങളിലും എത്തി. ചില സ്ഥലങ്ങളില്‍ അതിന്റെ ഫലമായി ചെറിയ മിന്നല്‍ പണി മുടക്കുകളും നടന്നു. കെ എസ് ആര്‍ ടി സി സര്‍വീസുകളുടെ നടത്തിപ്പും സ്വകാര്യ ബസ്സുകളുടെ നടത്തിപ്പും തമ്മില്‍ ഇപ്പോള്‍ ഒരു കാര്യത്തില്‍ വ്യത്യാസമുണ്ട്. കെ എസ് ആര്‍ ടി സി ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൌജന്യ നിരക്ക് അനുവദിക്കുന്നില്ല. നമുക്ക് ഈ സാഹചര്യം ഒരു ഉദാഹരണത്തിലൂടെ പരിശോധിക്കാം.

നമുക്ക് ഒരു സ്വകാര്യ ബസ്‌ മുതലാളിയുടെ കാര്യം എടുക്കാം. അയാള്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ഒരു നിശ്ചിത അളവില്‍ കുറയാതെ ലാഭം കിട്ടും എന്ന് പ്രതീക്ഷിച്ചു ഒരു ബസ് നിരത്തില്‍ ഇറക്കുന്നു. ഇത് ഒരു വ്യവസായം തന്നെയാണ് - പപ്പട കമ്പനിയും തീപ്പെട്ടി കമ്പനിയും ഒക്കെ തുടങ്ങുന്നത് പോലെ ഒരു വ്യവസായം തന്നെയാണ് അയാള്‍ ആരംഭിക്കുന്നത്. അയാള്‍ തുടങ്ങിയത് ആലുവ - ഫോര്‍ട്ട്‌ കൊച്ചി റൂട്ടില്‍ ആണെന്ന് കരുതുക. ആ റൂട്ടില്‍ ഏതെന്കിലും പഠനം അനുസരിച്ച് ലാഭകരമായി നടത്തിക്കൊണ്ട് പോകാവുന്നത് നൂറു സര്‍വീസ് ആണെന്നും വെക്കുക. ഇയാളുടെ ബസ്‌ നൂറാമത്തെ സര്‍വീസ് ആണെന്ന് കരുതുക. അത് കഴിഞ്ഞു ഒരു മാസം കഴിയുമ്പോള്‍ ഒരു പത്തു സര്‍വീസ് കൂടെ സര്‍ക്കാര്‍ തുടങ്ങുന്നു - ആ റൂട്ടില്‍ തന്നെ. അതും വിദ്യാര്‍ത്ഥികള്‍ക്കുള്ള സൌജന്യ നിരക്കില്ലാത്ത സര്‍വീസുകള്‍ (അതുകൊണ്ട് തന്നെ വരുമാനം കൂടിയവ). അപ്പോള്‍ എന്താണ് സംഭവിക്കുക - ഒരു റൂട്ടില്‍ ആവശ്യത്തിലധികം (ലാഭകരമായി നടത്താന്‍ സാധിക്കുന്നതിലും അധികം) സര്‍വീസ് തുടങ്ങുന്നതിലൂടെ മിക്ക സര്‍വീസുകളും നഷ്ടത്തിലാവുക എന്നതാവും ഫലം. അതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ യാത്ര അനുവദിക്കുന്ന സര്‍വീസുകള്‍ ആവട്ടെ വലിയ നഷ്ടത്തില്‍ ആവുകയും ചെയ്യും. സര്‍ക്കാര്‍ സര്‍വിസുകള്‍ നഷ്ടത്തില്‍ ഓടിയത് കൊണ്ട് പൊതു പണം ആണ് പാഴാവുന്നത്; അത് കൊണ്ട് തന്നെ സര്‍ക്കാരിന് അത് തുടര്‍ന്നും നടത്തിക്കൊണ്ട് പോകാം. പക്ഷെ, നേരത്തെ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുകള്‍ ആണ് വെട്ടിലാകുന്നത്. നഷ്ടം സഹിക്ക വയ്യാതെ അവര്‍ (ആ വ്യവസായം) നിര്‍ത്തലാക്കുക എന്നതാവും ഫലം. അങ്ങനെ വന്നാല്‍ വീണ്ടും സര്‍വീസുകളുടെ എണ്ണം നൂറില്‍ എത്തുകയും (അതോ അതില്‍ താഴെയോ) സര്‍ക്കാര്‍ വണ്ടികള്‍ ലഭാതിലാവുകയും ചെയ്യും. തുടങ്ങിയത് നൂറു സര്‍വീസുകളില്‍നിന്ന് - നമ്മുടെ ഈ കഥ അവസാനിക്കുംബെഴും നൂറു സര്‍വീസുകള്‍. അവസാനിക്കുമ്പോള്‍ ഉള്ള നൂറു സര്‍വീസുകളില്‍ ചിലത് സര്‍ക്കാരിന്റെതും ആണ് - നല്ല കാര്യമല്ലേ ഇത് എന്നാവും ചോദ്യം.

നമുക്ക് ആ ബസ്‌ മുതലാളിയുടെ കാര്യത്തിലേക്ക് പോകാം. അയാള്‍ ഒരു ബസ്‌ തുടങ്ങി - നല്ല മുതല്മുടക്കോടെ. അത് പാതിവഴിയില്‍ നിര്‍ത്തലാക്കി. കുറച്ചധികം നഷ്ടം ഉണ്ടായി. ഇങ്ങനെ സംഭവിച്ച പലരും ഉണ്ടാവും. ഇങ്ങനെയുള്ള ഒരു സ്ഥിതിവിശേഷം ആരോഗ്യകരം ആണോ എന്നതാണ് ചോദ്യം. ഇങ്ങനെ പല മേഖലകളില്‍ സംഭവിക്കുകയാണെങ്കില്‍ ഒരു പക്ഷെ നമ്മുടെ നാട്ടില്‍ വ്യവസായം തുടങ്ങാന്‍ ആളുകള്‍ മടിക്കില്ലേ? വളരെ അപ്രതീക്ഷിതമായ സര്‍ക്കാര്‍ കടന്നുകയറ്റം ഒരു മേഖലയിലും നല്ലതല്ല. അങ്ങനെയുള്ള കടന്നുകയറ്റം അനവധി മുതലാളികളെ ബുദ്ധിമുട്ടിലാക്കും; അങ്ങനെ ആളുകള്‍ മുതല്‍മുടക്കാന്‍ തയ്യാറാവുന്നത് കുറയും.

എന്നുവെച്ചു സര്‍ക്കാര്‍ ഒരു മേഖലയിലും പുതിയതായി ഇറങ്ങരുത് എന്നാണോ? ഒരിക്കലും അല്ല. സര്‍ക്കാര്‍ ഒരു മേഖലയിലേക്ക് കടക്കുമ്പോള്‍ ആ ഉദ്ദേശ്യം മുന്‍കൂര്‍ ആയി ജനങ്ങളെ അറിയിക്കണം; തന്ത്രപരമായ (ഉദാ. വിദേശകാര്യം) മേഖലകളില്‍ അല്ലാതെ ഇങ്ങനെ ഉള്ള അറിയിപ്പ് ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ല. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു സര്‍ക്കാര്‍ ആണെല്ലോ നമ്മുടെ നാട് ഭരിക്കുന്നത്. നമുക്ക് വീണ്ടും ഈ ബസ്സിന്റെ കാര്യത്തിലേക്ക് കടക്കാം. അടുത്ത വര്ഷം ആലുവ ഫോര്‍ട്ട്‌ കൊച്ചി റൂട്ടില്‍ ഇപ്പോള്‍ ഉള്ളതില്‍ 10% സര്‍വീസുകള്‍ക്ക് പെര്‍മിറ്റ്‌ പുതുക്കില്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു എന്ന് കരുതുക. ഇത് കേട്ട് ചില ബസ്സുടമകള്‍ "ഈ വ്യവസായം നമുക്ക് അടുത്ത വര്ഷം കൊണ്ട് നിര്‍ത്താം; വേറെ വല്ല മേഖലയും നോക്കാം" എന്ന് തീരുമാനിച്ചേക്കാം. പുതിയതായി എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് ധാരാളം സമയവും ഉണ്ട്.

അപ്രതീക്ഷിതമായി (സ്വകാര്യ വ്യവസായികള്‍ ഉള്ള) ഒരു മേഖലയില്‍ സര്‍ക്കാര്‍ പെട്ടെന്ന് കടന്നു ചെല്ലുമ്പോള്‍ പ്രശ്നങ്ങളും പ്രയാസങ്ങളും ധാരാളമായി സൃഷ്ടിക്കപ്പെടുന്നു. അത് ആര്‍ക്കും ഗുണം ചെയ്യുന്നില്ല എന്ന് സാരം.