"സംഗതി വലിയ കുഴപ്പമാണ്. ഇടത്തെ വെന്ട്രിക്കില് പണിമുടക്കിയിരിക്കുന്നു. ഒന്നും പറയാന്‍ സാധിക്കയില്ല. പ്രതീക്ഷ വളരെ കുറവാണ്. നിങ്ങള്‍ പ്രാര്‍ഥിക്കുക. ഒരു അത്ഭുതം സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം"
ഇപ്രകാരം ഒരു ഡോക്ടര്‍ പറയുന്നത് കേട്ടാല്‍ എന്ത് തോന്നും; അപ്രകാരം ഭയചകിതരായ കൂടെയുള്ളവര്‍ (ഞാന്‍ അന്ന് ആ സംഘത്തില്‍ ഉണ്ടായിരുന്നില്ല; സ്ഥലത്തില്ലാതിരുന്നത് നിമിത്തം) "തീ തിന്നു" രണ്ടു മൂന്നു മണിക്കൂര്‍ കഴിച്ചു കൂട്ടി. അതിനുശേഷം പുറത്തേക്കു വന്ന ഡോക്ടര്‍ പ്രഖ്യാപിക്കുന്നു:
"ഒരു അത്ഭുതം തന്നെയാണ് സംഭവിച്ചിരിക്കുന്നത്; ഇപ്പോള്‍ പൂര്‍ണമായും ഭേദം ആയിരിക്കുന്നു. സ്ഥിതി വളരെ മെച്ചം. "
കുറച്ചു നേരത്തിനു ശേഷം ഒരു ദിവസം കൂടി കിടന്നതിനു ശേഷം ഒരു ഇ സി ജി എടുത്തിട്ട് ഡിസ്ചാര്‍ജ് ചെയ്യാം എന്ന് വരെയായി. രോഗം ഭേദം ആയതില്‍ തീര്‍ച്ചയായും ഞാന്‍ ഉള്‍പ്പടെ എല്ലാവരും സന്തുഷ്ടരാണ്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ഏകദേശം ശാന്തമായിരിക്കുന്നു. അങ്ങനെയിരിക്കെ, ഈ അത്ഭുതത്തിന്റെ കടന്നുവരവ് ഒരല്പം കൂടുതല്‍ പഠനം അര്‍ഹിക്കുന്നു. പ്രസ്തുത ഡോക്ടറെ കുറിച്ച് ഒരു ബന്ധു പറയുന്നതിങ്ങനെയത്രേ:
"അദ്ദേഹം സ്ഥിരമായി പറയുന്നതാണ് 'നിങ്ങള്‍ പ്രാര്ഥിക്കു' എന്ന വാചകം. രോഗം ഭേദമാകുന്നതില്‍ രോഗിയുടെ ബന്ധുക്കളുടെ പ്രാര്‍ത്ഥനക്കും പങ്കുണ്ടെന്ന് ഒരു ധാരണ ഉണ്ടാകുമ്പോള്‍ ആളുകള്‍ക്ക് സംതൃപ്തി ഏറുന്നു"
ഈ വാചകത്തില്‍ ഉദ്ദേശിക്കുന്നത് തീര്‍ച്ചയായും 'ഭക്തരായ ആളുകളുടെ' കാര്യമാണ്. ഡോക്ടര്‍ക്കും രോഗിയുടെ ബന്ധുക്കള്‍ക്കും ഭക്തിയുണ്ട് എങ്കില്‍ ഇത് രോഗിയുടെ ബന്ധുക്കള്‍ക്ക് ഒരു സംതൃപ്തി ദായകമായ അനുഭവം തന്നെയാണ്. ഇതിലൂടെ ഡോക്ടര്‍ക്ക് ഉണ്ടാകുന്ന ചില ഗുണങ്ങള്‍ ഇവയായിരിക്കാം:
൧. "നമ്മെപ്പോലെ വിശ്വാസം ഉള്ള ഒരു ഡോക്ടര്‍" എന്നാ ധാരണ പരത്തുന്നതിലൂടെ രോഗിയുടെ ബന്ധുക്കളുടെ ഡോക്ടറിലുള്ള വിശ്വാസം വര്‍ധിക്കുന്നു.
൨. "ആ ഡോക്ടര്‍ക്ക് നല്ല കൈപ്പുണ്യം ഉണ്ട്; അല്ലെങ്കില്‍ അത്ഭുതങ്ങള്‍ എങ്ങനെ സംഭവിക്കും"; ഈ ധാരണയും ഡോക്ടറില്‍ ഉള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്നു.
നിങ്ങളുടെ ഒരു ബന്ധുവിനോ ചങ്ങാതിക്കോ ഒരു അസുഖം വന്നു എന്ന് സങ്കല്‍പ്പിക്കുക. ആ അസുഖം അത്ര വലിയ ഒന്നല്ല എന്നും ഇരിക്കട്ടെ. ഈ ഡോക്ടര്‍ ചിലപ്പോള്‍ അതിനെ പര്‍വതീകരിച്ച് കാണിച്ചേക്കാം. പ്രാര്‍ത്ഥിക്കാന്‍ നിര്‍ദേശിച്ചേക്കാം. ഒടുവില്‍ ഒരു അത്ഭുതത്തിന്റെ പേരും പറഞ്ഞു വിനയാന്വിതനായി നിങ്ങള്‍ക്ക് മുന്നില്‍ അവതരിച്ചേക്കാം.
ഇതിലെന്താ എന്നാവും ചോദ്യം. പര്വതീകരണപ്രക്രിയയിലൂടെ രോഗിയുടെ കൂടെയുള്ള ആളുകളുടെ ഭയം ഉണര്‍ത്തുകയാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്. അനാവശ്യമായി ആളുകളെ വിഷമിപ്പിക്കുന്നതിന് (അത് വെറും മണിക്കൂറുകള്‍ക്ക് വേണ്ടിയാണെങ്കില്‍ കൂടി) നല്ലതാണെന്ന് ആരും പറയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു; അതിനു എതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കയില്ല എന്നാണു എനിക്ക് തോന്നുന്നത്. ഇപ്പോള്‍ രക്ഷപ്പെട്ടെല്ലോ എന്നോര്‍ത്ത് സമാധാനിക്കുകയും ഡോക്ടറുടെ കൈപ്പുണ്യത്തെ വാഴ്ത്തുകയും ആവും പലപ്പോഴും സംഭവിക്കുക. അങ്ങനെ വിശ്വാസത്തെ വാണിജ്യവല്‍ക്കരിച്ചു ആളുകളില്‍ അനാവശ്യമായി ഭീതിപരത്തി ഒരു ഡോക്ടര്‍ തന്റെ ജനപ്രീതി കൂട്ടുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രബുദ്ധകേരള സമൂഹത്തില്‍ ഇങ്ങനെയും സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതോര്‍ത്തു തലകുനിക്കുക അല്ലാതെ നമുക്കെന്തു ചെയ്യാന്‍ സാധിക്കും.
ഇങ്ങനെ പഠിച്ച ശാസ്ത്രത്തെക്കാള്‍ അത്ഭുതങ്ങളിലും പ്രാര്‍ത്ഥനയിലും വിശ്വസിക്കുന്ന ഡോക്ടര്‍മാരെയും വിശ്വാസത്തെ വാണിജ്യവല്ക്കരിക്കാന് ശ്രമിക്കുന്ന ഡോക്ടര്‍മാരെയും (ഇതില്‍ ഏതെന്കിലും ഒരു ഗണത്തില്‍ ആവും പ്രസ്തുത ഡോക്ടര്‍ പെടുക എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു) ഇപ്പോഴും നമ്മുടെ മെഡിക്കല്‍ കോളേജുകള്‍ സൃഷ്ടിച്ചു വിടുന്നുണ്ടോ ആവോ?
അനുബന്ധം: ഒരുപക്ഷെ എന്റെ മുത്തശ്ശി വളരെ ക്രിട്ടിക്കല്‍ ആയ ഒരു അവസ്ഥയില്‍ ആയിരുന്നിരിക്കാം. വിജയിക്കാന്‍ വളരെ സാധ്യത കുറഞ്ഞ ഒരു ചികില്‍സയുടെ അപൂര്‍വവിജയം ആയിരിക്കാം അന്നവിടെ സംഭവിച്ചിട്ടുണ്ടാവുക. പക്ഷെ, അതിനുള്ള സാധ്യത കുറവായതിനാലും നേരത്തെ സൂചിപ്പിച്ച ഒരു ബന്ധുവിന്റെ അഭിപ്രായവും ഈ ഡോക്ടറിന്റെ വാക്കുകളില്‍ നിറഞ്ഞു തുളുമ്പുന്ന അത്ഭുതങ്ങളിലുള്ള വിശ്വാസവും ആ സാധ്യത തള്ളിക്കളയാന്‍ എന്നെ പ്രേരിപ്പിക്കുന്നു.