Sunday, July 25, 2010

യു ഐ ഡി നമുക്ക് ഇപ്പോള്‍ ആവശ്യമില്ലാത്തതെന്തുകൊണ്ട്

ഇത് യു ഐ ഡി ചര്‍ച്ചകളുടെ കാലമാണ്. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ എങ്ങനെ അതിലെ വലിയ പങ്കുകള്‍ക്കുള്ള ലേലത്തില്‍ വിജയിക്കാം എന്ന് ചിന്തിക്കുന്നു. ചില മാസികകള്‍ യു ഐ ഡി എങ്ങനെ ഒരു ശരാശരി ഇന്ത്യന്‍ പൌരന്റെ ജീവിതത്തെ മാറ്റിമറിക്കും എന്ന് പരിശോധിക്കുന്നു (സ്വപ്‌നങ്ങള്‍ കാണുന്നു). ഇവയിലൊന്നും പെടാത്ത മറ്റു ചിലര്‍ എന്തുകൊണ്ട് യു ഐ ഡി ആവശ്യമില്ല എന്ന് പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇവരെ വികസനവിരോധികള്‍ അറുപിന്തിരിപ്പന്മാര്‍ എന്നൊക്കെ പലരും ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്നുണ്ട്. ബൂലോകത്തില്‍ എന്തുകൊണ്ടോ ഈ വിഷയം അധികം ചര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ട് യു ഐ ഡി വേണം എന്ന നിലക്കുള്ള വാദങ്ങള്‍ അനവധിയാണ്. യു ഐ ഡി കൊണ്ടുള്ള ഉപയോഗം വളരെ എളുപ്പത്തില്‍ നമുക്ക് മനസ്സിലാക്കുകയും ചെയ്യാം - പല വികസിത രാജ്യങ്ങളിലും ഉള്ള ഒരു സംവിധാനം ആണെല്ലോ ഇത്. വികസിത ഇന്ത്യ എന്ന സ്വപ്നം എല്ലാ ഇന്ത്യക്കാരന്റെയും (യു ഐ ഡി യെ എതിര്‍ക്കുന്നവരും അല്ലാത്തവരും ഉള്പ്പടെയുള്ളവരില്‍) മനസ്സില്‍ ഉണ്ട് എന്നാണു എന്റെ നിഗമനം. ലേബലിംഗ് (പിന്തിരിപ്പന്മാര്‍, വികസനവിരോധികള്‍ എന്നിങ്ങനെയുള്ള) ഇല്ലാതെ നമ്മള്‍ യു ഐ ഡിയെ എതിര്‍ക്കുന്നവരുടെ വാദം കേള്‍ക്കാന്‍ തയ്യാറാവണം. ഒരു കടുത്ത യു ഐ ഡി ആരാധകനായിരുന്ന ഞാന്‍ ഈ സംരംഭത്തിനോട് അധികം ആഭിമുഖ്യം പുലര്‍ത്താത്ത ഒരാളായി മാറിയത് അങ്ങനെയുള്ള ഒരു വിലയിരുത്തലിന്റെയും ചര്‍ച്ചയുടെയും ഫലമായിട്ടാണ്. യു ഐ ഡി വേണം എന്ന പക്ഷക്കാരുടെ സാധാരണ ചോദ്യങ്ങള്‍ക്കുള്ള മികച്ച യു ഐ ഡി വിരുദ്ധ ഉത്തരങ്ങള്‍ (ചോദ്യങ്ങള്‍ സഹിതം) നിരത്താന്‍ ഒരു എളിയ ശ്രമം നടത്തുകയാണ് ഇവിടെ.

ചോദ്യം: യു ഐ ഡി കൊണ്ട് ഗുണങ്ങള്‍ ഇല്ല എന്നാണോ നിങ്ങള്‍ പറയുന്നത്? അനവധി വിദേശ രാജ്യങ്ങള്‍ മണ്ടത്തരം കാണിച്ചു എന്നാണോ?

ഉത്തരം: ഒരിക്കലും അല്ല. യു ഐ ഡി എന്നത് കൊണ്ട് അനവധി ഗുണങ്ങള്‍ ഉണ്ട് എന്നുള്ളത് പൂര്‍ണമായും അംഗീകരിക്കുന്നു. പക്ഷേ, മുന്‍ഗണന ക്രമത്തില്‍ ആണ് പ്രശ്നം. മുപ്പതു ശതമാനം ആളുകള്‍ വിശന്നു ഉറങ്ങാന്‍ കിടക്കുന്ന ഈ രാജ്യത്തില്‍ ഇതിലും എത്രെയോ അധികം വലിയ പ്രശ്നങ്ങളില്ലേ? ഒരു സര്‍ക്കാരിനും ഏറ്റവും കൂടുതല്‍ മുന്‍ഗണന ഉള്ള കാര്യം മാത്രം ചെയ്തു മുന്നോട്ടു പോകാനാവില്ല എന്നും അംഗീകരിക്കുന്നു. പക്ഷേ, ഈ യു ഐ ഡി ഒരു പക്ഷെ, മുന്‍ഗണന ക്രമത്തില്‍ ആദ്യത്തെ ആയിരം കാര്യങ്ങളില്‍ പോലും വരുന്നില്ല എന്നതാണ് പ്രശ്നം. യു ഐ ഡി ക്ക് ചിലവാക്കാനുള്ള ഭീമമായ തുക കൊണ്ട് ഇതിലും പ്രാധാന്യമുള്ള പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാം. (ഒരു മികച്ച ഉദാഹരണം യു ഐ ഡി യുടെ പത്തിലൊന്നോ മാത്രം ചെലവ് വന്ന തൊഴിലുറപ്പ് പദ്ധതി തന്നെയാണ്).

ചോദ്യം: യു ഐ ഡി കൊണ്ട് ദരിദ്രനും ഗുണമില്ലേ? പൊതുവിതരണ സമ്പ്രദായത്തില്‍ കാതലായ മാറ്റം സൃഷ്ടിക്കാന്‍ യു ഐ ഡി കൊണ്ട് സാധിക്കില്ലേ?

ഉത്തരം: പൊതു വിതരണ സമ്പ്രദായം മാത്രം കണക്കിലെടുത്താല്‍ റേഷന്‍ കാര്‍ഡ്‌‌ ഒരു യു ഐ ഡി തന്നെയാണ്. പൊതു വിതരണ സമ്പ്രദായം മാത്രം കണക്കിലെടുത്താല്‍ റേഷന്‍ കാര്‍ഡ്‌ കൊണ്ട് പരിഹരിക്കാന്‍ സാധിക്കാത്ത എന്ത് കാര്യമാണ് യു ഐ ഡി കൊണ്ട് പരിഹരിക്കാന്‍ സാധിക്കുക? യു ഐ ഡി ബയോ മെട്രിക് സംവിധാനമുള്ളതിനാല്‍ തിരിച്ചറിയല്‍ എളുപ്പമാകും എന്ന് പറയുന്നതിലും അര്‍ത്ഥമില്ല. കാരണം ആയിരക്കണക്കിന് റേഷന്‍ കടകളില്‍ ബയോ മെട്രിക് സംവിധാനം സ്ഥാപിക്കുക എന്നത് ഒട്ടും പ്രായോഗികം അല്ല എന്നത് തന്നെ. ഫോട്ടോ ഐ ഡി കാര്‍ഡ്‌ ചെയ്യുന്ന ഉപയോഗം മാത്രമേ യു ഐ ഡി കൊണ്ട് പൊതുവിതരണ സമ്പ്രദായത്തില്‍ ഉണ്ടാവുന്നുള്ളൂ. റേഷന്‍ കാര്‍ഡില്‍ ഒരു ഫോട്ടോ കൂടെ പതിപ്പിച്ചാല്‍ അതിനും പരിഹാരമായി.

ചോദ്യം: പൊതുവിതരണ സമ്പ്രദായത്തില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നില്ലേ? ഒരാള്‍ക്ക്‌ രണ്ടു റേഷന്‍ കാര്‍ഡ്‌ ഉണ്ടാവുക എന്നതൊക്കെ സര്‍വസാധാരണമല്ലേ? ബയോ മെട്രിക് സംവിധാനം ഉള്ളതുകൊണ്ട് രണ്ടാമത്തെ കാര്‍ഡ്‌ എടുക്കാന്‍ പോവുന്ന ആള്‍ പിടിക്കപ്പെടും. അങ്ങനെ വരുമ്പോള്‍ ഇതിലെ വ്യാപക ക്രമക്കേടുകള്‍ കുറക്കാന്‍ സാധിക്കും എന്നത് സാമാന്യ ബുദ്ധിയില്‍ മനസ്സിലാക്കാവുന്നതല്ലേയുള്ളൂ?

ഉത്തരം: ശരിയാണ്, ഒരാള്‍ക്ക്‌ രണ്ടു റേഷന്‍ കാര്‍ഡ്‌ ഉണ്ടാവുക എന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ ഫലപ്രദമായി സാധിക്കും, യു ഐ ഡി യുടെ സഹായത്തോടെ. (ഒരു പരിധി വരെ എന്ന് പറഞ്ഞത്, ബയോ മെട്രിക് സംവിധാനങ്ങള്‍ ഒരിക്കലും നൂറു ശതമാനം കുറ്റരഹിതമല്ല എന്നതുകൊണ്ടാണ്). ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേട്‌ നടക്കുന്നത് ബി പി എല്‍ ആനുകൂല്യങ്ങളിലാണ് എന്നാണ് മനസ്സിലാക്കേണ്ടത് (എന്റെ പരിമിതമായ അറിവില്‍ നിന്നുള്ള വിലയിരുതലാണിത്). ബി പി എല്‍ വിഭാഗങ്ങള്‍ക്കാണ് വലിയ ആനുകൂല്യങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭിക്കുന്നത്. ഒരാള്‍ക്ക്‌ രണ്ടു ബി പി എല്‍ കാര്‍ഡ്‌ എന്ന പ്രതിഭാസം ഒഴിവാക്കാന്‍ യു ഐ ഡി യിലൂടെ സാധിക്കും - തീര്‍ച്ച. പക്ഷെ, ഒരാള്‍ക്ക്‌ രണ്ടു ബി പി എല്‍ കാര്‍ഡ്‌ ഇപ്പെഴത്തെ സംവിധാനത്തില്‍ ലഭിക്കാന്‍ സാധ്യത വളരെ കുറവാണ് എന്നതാണ് സാരം. രണ്ടു റേഷന്‍ കാര്‍ഡ്‌ ലഭിച്ചേക്കാം - പക്ഷേ, ബി പി എല്‍ സര്‍വേ എന്ന സംഗതി കുറ്റമറ്റതാണെങ്കില്‍ രണ്ടു ബി പി എല്‍ കാര്‍ഡിനുള്ള സാധ്യത തീരെ കുറവാണ്. ബി പി എല്‍ സര്‍വേ കുറച്ചുകൂടി ഫലപ്രദം ആക്കുകയാണെന്കില്‍ ഒരാള്‍ക്ക്‌ ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടു വ്യക്തികള്‍ ആയിക്കാണിച്ചു രണ്ടു ബി പി എല്‍ കാര്‍ഡ്‌ കരസ്ഥമാക്കുക എന്നത് ഒഴിവാക്കാന്‍ സാധിക്കും. പിന്നെ, രണ്ടു എ പി എല്‍ കാര്‍ഡുകള്‍ നേടാന്‍ ശ്രമിക്കുന്നവരുടെ കാര്യം. എ പി എല്‍ വിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ കുറവാകയാല്‍, അങ്ങനെയുള്ള ക്രമക്കേടുകള്‍ കുറവായിരിക്കണം എന്ന് വേണം കരുതാന്‍. അത് വളരെ കൂടുതല്‍ ആണെങ്കില്‍ എന്തെങ്കിലും ബയോ മെട്രിക് സംവിധാനം റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയാല്‍ പോരെ?

ചോദ്യം: ദരിദ്രരുടെ ഇടയില്‍ മാത്രമല്ല ക്രമക്കേട്‌. ഇടത്തരക്കാര്‍ രണ്ടു വായ്പ വ്യത്യസ്ത തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചു എടുക്കുന്നില്ലെ?

ഉത്തരം: ഉണ്ടാവാം. പക്ഷേ, വലിയ വായ്പകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധം ആണ്. വലിയ സാമ്പത്തിക ഇടപാടുകള്‍ക്കുള്ള ഒരു യു ഐ ഡി തന്നെയാണ് പാന്‍ കാര്‍ഡ്‌. രണ്ടു പാന്‍ കാര്‍ഡ്‌ ഒരാള്‍ക്ക്‌ ഉണ്ടാവുക എന്നത് വളരെ വലിയ ഒരു കുറ്റമാണ് താനും. പാന്‍ കാര്‍ഡിലൂടെ പരിഹരിക്കാന്‍ സാധിക്കാത്ത എന്ത് പ്രശ്നമാണ് യു ഐ ഡി യിലൂടെ പരിഹരിക്കാന്‍ സാധിക്കുക.

ചോദ്യം: പൊതുവിതരണ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതിനുള്ള ഐ ഡി മെച്ചപ്പെടുത്തുക എന്ന് പരിഹാരം പറയുക. വായ്പ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാന്‍ കാര്‍ഡ്‌ നന്നാക്കുക എന്ന് പരിഹാരം പറയുക. ഇതിനെല്ലാം പകരം ഒരൊറ്റ ഐ ഡി എന്നതാണ് യു ഐ ഡി കൊണ്ടുദ്ദേശിക്കുന്നത്. എന്തുകൊണ്ട് ഓരോന്നിനെ പ്രത്യേകം കുറ്റമറ്റതാക്കുന്നത് സ്വീകാര്യമാവുകയും, എല്ലാം കൂടി ഒന്നിച്ചു കുറ്റമറ്റതാക്കുന്നത് സ്വീകാര്യം അല്ലാതാവുകയും ചെയ്യുന്നു?

ഉത്തരം: നിലവിലുള്ള രണ്ടു സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പകരം മറ്റൊരു ബൃഹത്തായ സംവിധാനം (കുറെയധികം കാശ് ചെലവ് വരുന്ന) നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ - അങ്ങനെ ഉദ്ദേശിക്കുന്നവരല്ലേ, അതിനുള്ള ന്യായീകരണവും പറയേണ്ടത്? രണ്ടു സംവിധാനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, മറ്റു നൂറു കാര്യങ്ങള്‍ക്ക് കൂടി നിര്‍ബന്ധമാക്കുന്ന ഒരു കാര്‍ഡ്‌ എന്തിനാണ്? യു ഐ ഡി ഒരു കാര്‍ഡ്‌ അല്ല, ഒരു സംഖ്യ മാത്രം ആണ് എന്നാണു നന്ദന്‍ നിലെകാനി ഇപ്പോള്‍ പറയുന്നത് - അപ്പോള്‍, റേഷന്‍ കാര്‍ഡ്‌ കൊണ്ട് സാധ്യമാകുന്ന തിരിച്ചറിയല്‍ പ്രക്രിയ നേരാം വണ്ണം നടക്കണം എങ്കില്‍ അതിനു ഒരു റേഷന്‍ കാര്‍ഡ്‌ തന്നെ വേണം. അത് റേഷന്‍ നമ്പറിനു പകരം യു ഐ ഡി രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്‍ഡ്‌ ആയിരിക്കാം എന്ന് മാത്രം. പിന്നെ, പാന്‍ നമ്പറിനു പകരക്കാരനായി യു ഐ ഡി ക്ക് മാറാന്‍ സാധിക്കും, ശരിയാണ് - അതില്പരം യു ഐ ഡി ക്ക് സാമ്പത്തിക ഇടപാടുകളുടെ കാര്യത്തില്‍ കൂടുതലായി ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കാന്‍ എളുപ്പമല്ലേ. മറ്റു നൂറു കാര്യങ്ങള്‍ക്കും കൂടി ഒരേ ഐ ഡി ഉപയോഗിക്കാന്‍ സാധിക്കും എന്നത് നല്ല കാര്യം തന്നെ - പക്ഷേ, അങ്ങനെ ഒരു സംരംഭത്തിന് വേണ്ട ചിലവുകള്‍ ന്യായീകരിക്കപ്പെടുന്നുണ്ടോ എന്നതാണ് വിഷയം.

ചോദ്യം: യു ഐ ഡി കാരണം ഒരാളുടെ സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് പറയുന്നത് അടിസ്ഥാന രഹിതം അല്ലെ? ഒരു പൌരന്റെ എല്ലാ വിവരവും സര്‍ക്കാര്‍ അറിഞ്ഞിരിക്കുന്നതില്‍ എന്താണ് കുഴപ്പം. ഓരോ രേഖക്കായി അപേക്ഷിക്കുമ്പോഴും നമ്മള്‍ എല്ലാ വിവരങ്ങളും സര്‍ക്കാരിന് നല്‍കാന്‍ ബാധ്യസ്തരല്ലേ? അതെല്ലാം കൂടി എകീകരിക്കുന്നു എന്നത് എങ്ങനെയാണ് പ്രശ്നത്തിന് കാരണം ആകുന്നത്?

ഉത്തരം: സര്‍ക്കാര്‍ എന്ന് പറയുന്നത് ഒരു പ്രസ്ഥാനമാണ് - സര്‍ക്കാരിന് ഒരു വിവരം ലഭ്യമാണ് എന്നത് കൊണ്ട് അര്‍ത്ഥമാകുന്നത് സര്‍ക്കാര്‍ ജീവനക്കാരില്‍ പലര്‍ക്കും അത് ലഭ്യമാകുന്നു എന്നാണ്. ഉദാഹരണത്തിന്, ഒരാള്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സിനു അപേക്ഷിക്കുന്നു എന്ന് കരുതുക. ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്തുന്നയാള്‍ക്ക് ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അറിയേണ്ട ഒരു കാര്യവുമില്ല. പക്ഷേ, ഡ്രൈവിംഗ് ലൈസെന്‍സ് അപേക്ഷ സംവിധാനത്തില്‍ യു ഐ ഡി നടപ്പിലാക്കുന്നതിലൂടെ എല്ലാ വിവരങ്ങളും ലൈസെന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥനില്‍ എത്തിപ്പെടുകയാണ്. അത് അയാള്‍ പരിശോധിക്കരുത് എന്ന് നമുക്ക് വാദിക്കാം - പരിശോധിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താം. പക്ഷേ, സര്‍ക്കാരിന് ലഭ്യമാകുന്നു എന്ന നിലക്ക് അത് ഡ്രൈവിംഗ് ലൈസെന്‍സ് നല്കുന്നയാള്‍ക്കും ലഭ്യമാകണം എന്ന വാദം ഉണ്ടായേക്കാം. നമ്മുടെ എല്ലാ ഏകീകൃത വിവരവും സര്‍ക്കാരിന് ലഭ്യമാകുന്നു എന്നതിലൂടെ ഈ ഉദ്യോഗസ്ഥനും ലഭ്യമാകുന്നു എന്ന് തന്നെയാണ് വസ്തുത. അത് അയാള്‍ക്ക്‌ കിട്ടാന്‍ ചില നിബന്ധനകള്‍ സര്‍ക്കാര്‍ വെച്ചേക്കാം - പക്ഷേ, അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഈ ഡ്രൈവിംഗ് ലൈസെന്‍സ് ഉദാഹരണത്തില്‍, ആ ഉദ്യോഗസ്ഥന്‍ ഒരു പക്ഷേ, അപേക്ഷകന്റെ സാമ്പത്തിക നിലവാരത്തിനനുസരിച്ചു കൈക്കൂലി ചോദിച്ചേക്കാം. സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ മാത്രമാണോ എന്നറിയില്ല, നീട് ടു നോ എന്നൊരു പ്രയോഗം ഉണ്ട്; ഒരാള്‍ക്ക്‌ അറിയാന്‍ ആവശ്യമുള്ളത് മാത്രം അറിഞ്ഞാല്‍ മതി എന്ന് ചുരുക്കം. ഡ്രൈവിംഗ് ലൈസെന്‍സ് ഉദാഹരണത്തില്‍, ഈ നീട് ടു നോ പ്രകാരം, ആ ഉദ്യോഗസ്തന്‍ അറിയേണ്ടത്/വിലയിരുത്തേണ്ടത് വണ്ടി ഓടിക്കാനുള്ള അപേക്ഷകന്റെ കെല്പ് മാത്രമാണ്. പക്ഷേ, ചില കാര്യങ്ങളില്‍ കൂടുതല്‍ അറിയേണ്ടിവരും; ഉദാഹരണത്തിന് പാസ്പോര്‍ട്ട്‌ അപേക്ഷയുടെ സമയത്ത് ഒരുവിധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടിവരും. അത് പാസ്പോര്‍ട്ട്‌ അപേക്ഷയുടെ കാര്യത്തില്‍ മാത്രം മതി - ഒരു പ്രക്രിയയില്‍ എല്ലാ വിവരങ്ങളും പരിശോധിക്കെണ്ടിവരുന്നുണ്ട് എന്നത് എല്ലാ പ്രക്രിയകള്‍ക്കും ആ വിവരം ലഭ്യമാക്കുന്നതിനെ സാധൂകരിക്കുന്നില്ല.

ചോദ്യം: യു ഐ ഡി ഒരിക്കലും അടിച്ചേല്‍പ്പിക്കില്ല എന്ന് നന്ദന്‍ തന്നെ പറയുന്നുന്ടെല്ലോ. യു ഐ ഡി യില്‍ പങ്കാളിയാവണോ വേണ്ടയോ എന്നത് ഒരു പൌരന് തീരുമാനിക്കാവുന്ന കാര്യമാണ് എങ്കില്‍ ഇതിനെ എതിര്‍ക്കുന്നതെന്തിന്? താല്പര്യമില്ലാത്തവര്‍ക്ക് മാറി നില്‍ക്കാം

ഉത്തരം: ഒരാള്‍ യു ഐ ഡി യില്‍ പങ്കെടുക്കുന്നില്ല എന്ന് കരുതുക. താഴെ പറയുന്ന രണ്ടില്‍ ഒന്ന് സംഭവിക്കാം.

൧. അയാള്‍ക്ക്‌ ഒരു ദോഷവും ഇല്ല. എല്ലാ പ്രക്രിയകളും കാര്യങ്ങളും (അതെ വേഗതയില്‍) യു ഐ ഡി ഉള്ളവരെപ്പോലെ തന്നെ അയാള്‍ക്കും ചെയ്യാന്‍ സാധിക്കുന്നു.

ഇങ്ങനെ ആണ് കാര്യമെന്കില്‍ എന്തിനു ഒരു പൌരന്‍ യു ഐ ഡി എടുക്കണം? ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തില്‍ യു ഐ ഡി പദ്ധതി അമ്പേ പാളിപ്പോവുകയില്ലേ. ഒരു പൌരന്റെ ഒരു സ്വാഭാവിക ചോദ്യം ഇതായിരിക്കാം, എന്റെ പക്കല്‍ ഒരു റേഷന്‍ കാര്‍ഡ്‌ ഉണ്ട്, ഒരു വോട്ടര്‍ കാര്‍ഡ്‌ ഉണ്ട്. ഇതിനെയെല്ലാം ഏകീകരിച്ചു ഒരു യു ഐ ഡി എടുക്കുന്നത് കൊണ്ട് എനിക്കെന്തു പ്രയോജനം?. പാസ്പോര്‍ട്ട്‌ അപേക്ഷയുടെ സമയത്ത് നടക്കുന്നത് പോലെയുള്ള ഒരു വിശാലമായ പരിശോധന യു ഐ ഡി അപേക്ഷയുടെ സമയത്ത് നടക്കുന്നുണ്ട് എങ്കില്‍, യു ഐ ഡി അപേക്ഷയുടെ വില സ്വാഭാവികമായി കൂടും. (അപ്പോള്‍ പിന്നെ ആളുകള്‍ പങ്കെടുക്കാനുള്ള സാധ്യത പിന്നെയും കുറയുകയാണ്). കൂടുന്നില്ല എന്നുണ്ടെങ്കില്‍ ആ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നു എന്നര്‍ത്ഥം (എപ്പോഴെന്കിലും ആ യു ഐ ഡി അപേക്ഷകന്‍ പസ്സ്പോര്‍തിനു അപേക്ഷിക്കും അന്ന് എന്താണുറപ്പ്? അപേക്ഷിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവ് വെറുതെ കൂടുന്നു എന്ന് സാരം). ചുരുക്കത്തില്‍ ഒരു പൌരന് യു ഐ ഡി ലഭിച്ചാല്‍ കൂടുതലായി ഒരു ഗുണവുമില്ല എന്ന സാഹചര്യത്തില്‍, വലിയ തോതില്‍ ഈ യു ഐ ഡി യില്‍ പങ്കാളിത്തം ഉണ്ടാവുക സ്വാഭാവികമല്ല.

അടിക്കുറുപ്പ്: ഇങ്ങനെ പറയുമ്പോഴും പുതിയ അപേക്ഷകര്‍ യു ഐ ഡി യില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഒരാള്‍ക്ക്‌ അടുത്തിടെ പതിനെട്ടു വയസ്സ് കഴിഞ്ഞെന്നു കരുതുക. അയാള്‍ വോട്ടര്‍ ഐ ഡി കാര്‍ഡിന് അപേക്ഷിക്കുന്നതിന് പകരം യു ഐ ഡി ക്ക് അപേക്ഷിച്ചേക്കാം, കാരണം യു ഐ ഡി കൊണ്ട് അയാള്‍ക്ക്‌ വോട്ടര്‍ ഐ ഡി കൊണ്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഗുണമുണ്ടായേക്കാം എന്നതുകൊണ്ട് തന്നെ. അതുകൊണ്ട്, പങ്കെടുക്കുക എന്നത് നിര്‍ബന്ധമല്ലെന്കില്‍ പോലും യു ഐ ഡി ക്ക് ചില ഉപഭോക്താക്കള്‍ ഉണ്ടായേക്കാം.

൨. അയാള്‍ക്ക്‌ യു ഐ ഡി ക്കാരെ അപേക്ഷിച്ചു കൂടുതല്‍ സമയം ഓരോ കാര്യത്തിനും ചിലവാക്കേണ്ടി വരുന്നു. ഉദാഹരണത്തിന്, ഒരു ബാങ്ക് അക്കൗണ്ട്‌ തുറക്കാന്‍ യു ഐ ഡി ഇല്ലാത്തതു മൂലം അയാള്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നു എന്ന് കരുതുക.

ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചിട്ടു യു ഐ ഡി നിര്‍ബന്ധമല്ല എന്ന് പറയുന്നത്, ഒരു തരം വിവേചനമല്ലേ? അങ്ങനെ എങ്കില്‍ യു ഐ ഡി എടുത്തില്ലെങ്കില്‍ നിങ്ങളുടെ ജീവിതം ദുഷ്കരമായിരിക്കും എന്നതല്ലേ അത് നല്‍കുന്ന സന്ദേശം? യു ഐ ഡി നിര്‍ബന്ധമാക്കലും ഉണ്ടെങ്കില്‍ നന്നായിരിക്കും എന്ന് പറയുന്നതും തമ്മില്‍ ഒരു അന്തരമുണ്ട് - പക്ഷേ, രണ്ടിന്റെയും ധ്വനി തമ്മില്‍ വലിയ സമാനതയുണ്ട്.

1 comment:

Anoop KV said...

Very good article. You have covered almost every aspects of UID issue.